
പ്രതികാരം വീട്ടാനുള്ള മനോഭാവത്തോടെ ചരിത്രം പഠിക്കരുത്: ചരിത്രകാരൻ വിനിൽ പോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ പ്രതികാരം വീട്ടാനുള്ള മനോഭാവത്തോടെ ചരിത്രം പഠിക്കരുതെന്നു ചരിത്രകാരൻ വിനിൽ പോൾ. പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുടെ മുന്നേറ്റങ്ങളെ മറച്ചുവച്ച് സമരഭടൻമാർക്ക് പ്രാധാന്യം നൽകുകയാണ് ഇടത് ചരിത്രകാരന്മാർ ചെയ്തതെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ. ‘ മനോരമ ഹോർത്തൂസിന്റെ പത്തനംതിട്ടയിലെ വേദിയിൽ നടന്ന ‘ആരുടേതാണ് ഈ ചരിത്രം’ എന്ന സംവാദം സദസ്സിനും വ്യത്യസ്താനുഭവമായി. ചരിത്രം എന്നത് മനുഷ്യനുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിനിൽ പറഞ്ഞു. ദേശത്തിന്റെ ചരിത്രം എഴുതുമ്പോൾ ഏതെങ്കിലും നേതാവിനെയോ രാജാവിനെയോ ഉയർത്തിക്കാട്ടുന്നതായിരുന്നു പഴയ ചരിത്ര രചനകൾ. മാർക്സിയൻ എഴുത്തുകാരുടെ കടന്നുവരവോടെയാണ് ഈ രീതിക്ക് മാറ്റം വന്നത്. അധികാരം എങ്ങനെ ലഭിച്ചെന്നതും രാജാവായത് എങ്ങനെയെന്ന വിലയിരുത്തലും രചനകളിൽ പിന്നീട് ഉണ്ടായി. വീണ്ടും രാജകൊട്ടാരങ്ങളിലേക്കു മടങ്ങാനുള്ള ത്വര ചില ചരിത്രകാരന്മാർക്ക് ഇപ്പോഴുമുണ്ടെന്നും വിനിൽ പറഞ്ഞു.
ചരിത്രം വിജയിച്ചവരുടെ മേന്മകൾ പൊടിപ്പും തൊങ്ങലും ചാർത്തി അവതരിപ്പിക്കുന്നതാണെന്ന വിലയിരുത്തലുണ്ടെന്ന് സന്ദീപ് വാരിയർ പറഞ്ഞു. ജവാഹർ ലാൽ നെഹ്റു ചരിത്ര രചന എന്നും നിഷ്പക്ഷമാകണമെന്ന് ആഗ്രഹിച്ചിരുന്നു. മനുഷ്യനെ ഭിന്നിപ്പിക്കാനായി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. നവകേരള സൃഷ്ടിയുടെ വക്താക്കൾ തങ്ങളാണെന്ന വ്യാജ നിർമിതിയാണ് ഇടതുപക്ഷം നടത്തുന്നത്.
സംഘപരിവാറും സിപിഎമ്മും ചരിത്രത്തിൽ കൈകടത്താൻ ഒരേപോലെ ശ്രമിക്കുന്നെന്നും സന്ദീപ് പറഞ്ഞു.
കേരളത്തിൽ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഒട്ടേറെയുണ്ടെങ്കിലും 5 പുസ്തകം പോലും ഒരു വർഷം ഇറങ്ങുന്നില്ലെന്ന് വിനിൽ പോൾ പറഞ്ഞു. ഇങ്ങനെ ഇറങ്ങുന്ന പുസ്തകങ്ങളുടെ വായനക്കാർ പരിമിതമാണെന്ന് സന്ദീപ് വാരിയരും ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങളിലെ തിരുത്തിയെഴുത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു.
സോഷ്യൽ മീഡിയയിലൂടെയുള്ള ആഖ്യാനങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ജനത്തിന് ഗവേഷണ ബുദ്ധികൂടി ആവശ്യമാണെന്ന് സന്ദീപ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലെ വ്യാജ വാർത്തകൾ കൂടിയതിനാലാണ് പത്രങ്ങൾക്ക് ഫാക്ട് ചെക്കിങ് കോളം തുടങ്ങേണ്ടി വന്നതെന്ന് വിനിൽ പറഞ്ഞു.
വൃത്തികേടും തെറിയും പറയുന്നവർക്കാണ് കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. അധികാരം പിടിക്കാനുള്ള ടൂളാണ് സോഷ്യൽ മീഡിയയെന്നു സംഘപരിവാർ തിരിച്ചറിഞ്ഞുവെന്നും വിനിൽ വിശദീകരിച്ചു. മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെ.രവിവർമ തമ്പുരാൻ മോഡറേറ്ററായി.