
ഇട്ടിയപ്പാറ ചന്തയ്ക്ക് വേണം പഴയ പ്രതാപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴവങ്ങാടി ∙ ശബ്ദം നിലച്ച സൈറൺ കാൽ നൂറ്റാണ്ടിനു ശേഷം മുഴങ്ങിയതുപോലെ അന്യം നിന്ന ഇട്ടിയപ്പാറ ചന്തയും പുനരുജ്ജീവിക്കുമോ? പഴവങ്ങാടി പഞ്ചായത്ത് ഇതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും കച്ചവടക്കാർ മനസ്സ് വയ്ക്കാതെ ചന്ത ഉണരില്ല. മധ്യ തിരുവിതാംകൂറിലെ പ്രധാന മലഞ്ചരക്കു വ്യാപാര കേന്ദ്രമായിരുന്നു പണ്ട് ഇട്ടിയപ്പാറ ചന്ത. ബുധൻ, ശനി ദിവസങ്ങളിലാണ് ചന്ത ചേർന്നിരുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തന്നെ ദൂരെ നാടുകളിൽ നിന്നുള്ള വ്യാപാരികൾ ചന്തയിലെത്തിയിരുന്നു. ചന്തയ്ക്കുള്ളിൽ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം തിരക്കായിരുന്നു. 2 വലിയ സ്റ്റാളുകൾ നിറയെ മീൻ കച്ചവടക്കാരായിരുന്നു. ഉണക്ക മീൻ, പച്ചക്കറി, കപ്പ, ചേന, കാച്ചിൽ, മൺപാത്രങ്ങൾ, കുട്ട, വട്ടി, മുറം, കുന്താലി–തൂമ്പ കൈകൾ, തുണികൾ തുടങ്ങി ചന്തയിൽ കിട്ടാത്ത സാധനങ്ങൾ പരിമിതമായിരുന്നു. നൂറുകണക്കിനു കുടുംബങ്ങളാണ് ചന്തയിൽ നിന്നു ലഭിച്ചിരുന്ന വരുമാനത്തിൽ ജീവിച്ചിരുന്നത്.
ടോൾ പിരിവ് അമിതമായതോടെയാണു ചന്തയിലേക്കുള്ള കച്ചവടക്കാരുടെ വരവു കുറഞ്ഞത്. തുറസ്സായ സ്ഥലങ്ങളും സ്റ്റാളുകളും മറ്റും ലേലത്തിനെടുത്തവർ അമിത ലാഭം നേടാൻ മത്സരിച്ചപ്പോൾ അന്യം നിന്നു പോയത് ചന്തയാണ്. ഇതിനു പിന്നാലെ വഴിവാണിഭവും വർധിച്ചു. ഉണക്ക മീൻ കച്ചവടക്കാരൊഴികെ ആരും ഇന്നു ചന്തയിലെത്തുന്നില്ല. അതും പേരിനു മാത്രമാണു കച്ചവടം. മദ്യപന്മാരുടെ താവളമായി ഇപ്പോൾ ചന്ത മാറിയിരിക്കുകയാണ്. ഇതിൽ നിന്നുള്ള മോചനമാണ് പഴവങ്ങാടി പഞ്ചായത്ത് ആഗ്രഹിക്കുന്നത്. പുനരുജ്ജീവനത്തിന്റെ ഭാഗമായി 10.5 ലക്ഷം രൂപ ചെലവഴിച്ച് ചന്തയുടെ 3 വശങ്ങളിലും വേലി സ്ഥാപിച്ചു. 3 വഴികളിലും ഗേറ്റും നാട്ടി.
സ്റ്റാളുകളുടെ പൊട്ടിയ ആസ്ബസ്റ്റോസ് ഷീറ്റുകളും മാറ്റിയിടും. 10.5 ലക്ഷം രൂപയാണ് ഇതിനു ചെലവഴിക്കുന്നതെന്ന് പ്രസിഡന്റ് റൂബി കോശി, വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം എന്നിവർ അറിയിച്ചു. ചന്തയിലുള്ള 6 മുറികൾ ലേലത്തിൽ നൽകി. ഏതാനും മീൻ, പച്ചക്കറി വ്യാപാരികൾ ചന്തയിൽ എത്താമെന്ന് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഇതു സാധ്യമാക്കുന്നതിനൊപ്പം ജനങ്ങളുടെ പങ്കാളിത്തവും ലഭിക്കണം. ഇടക്കാലത്ത് കിഫ്ബി പദ്ധതിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ചന്ത നവീകരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനുള്ള രൂപരേഖ കിഫ്ബിക്കു നൽകിയതാണ്. ഫണ്ട് അനുവദിക്കാത്തതു മൂലം നവീകരണം നടന്നില്ല. ഇതു സാധ്യമായാൽ പഴയ പ്രതാപം വീണ്ടെടുക്കാനാകും.