
പട്ടാഴിമുക്ക് ∙ പത്തനംതിട്ട– കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ പട്ടാഴിമുക്ക്–നെടുമൺ–പട്ടാഴി റോഡിലെ കുഴികൾ താണ്ടി ജനങ്ങൾ മടുത്തു. ഒരു കുഴി കടന്ന് എത്തുന്നത് അടുത്ത കുഴിയിലേക്ക്.
എങ്ങനെ പട്ടാഴിമുക്കിൽ നിന്ന് കല്ലേത്തുവരേയും ദുരിതയാത്രയാണ്. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ യാതനസഹിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി.
പക്ഷേ ഇതുവഴിയുള്ള സഞ്ചാരികളുടെ കഷ്ടപ്പാട് പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു മാത്രം.
ഈ പാതയുടെ ഭാഗത്തുള്ള പാറമടകളിൽ നിന്ന് പാറയുമായി വലിയ ലോറികൾ എല്ലാസമയത്തും തലങ്ങും വിലങ്ങും പായുന്നതാണ് റോഡ് ഇത്രയുമധികം തകരാൻ ഇടയാക്കിയത്.കുണ്ടുംകുഴികളും നിറഞ്ഞുള്ള ഈ റോഡിലൂടെ ഏറ്റവും പ്രയാസപ്പെട്ടു സഞ്ചരിക്കുന്നത് ഇരുചക്രയാത്രികരാണ്. കുഴികൾ ചാടിയുള്ള യാത്രയിൽ ഇരുചക്രവാഹനങ്ങൾ മറിയുന്നതും ഇവിടെ പതിവാണ്.
ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി കൂടിയാണിത്.
റോഡിന്റെ തകർച്ച കാരണം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾക്ക് പെട്ടെന്ന് പോകാൻ കഴിയാത്തതും ദുരിതമായിരിക്കുകയാണ്. നെടുമൺ, ഈട്ടിമൂട് ഭാഗങ്ങളിലുള്ളവർക്ക് പട്ടാഴി, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള വഴി കൂടിയാണിത്.
ജനങ്ങൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിൽ നിന്ന് കരകയറുവാൻ പിഡബ്ല്യുഡി അധികൃതർ ഉടൻ നടപടി സ്വീകരിച്ചേ മതിയാവൂ. ഉടൻ നവീകരണം നടത്താൻ കഴിയില്ലെങ്കിൽ തൽക്കാലത്തേക്ക് കുഴിയെങ്കിലും അടച്ച് യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പട്ടാഴിമുക്ക്–പട്ടാഴി റോഡിലൂടെ ഇപ്പോൾ സഞ്ചരിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്നുറപ്പ്.
അത്രയ്ക്കും തകർന്നു കിടക്കുകയാണ് റോഡ്. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം റോഡ് നവീകരിക്കാൻ നടപടി എടുക്കണം.ജോസ് പെരിങ്ങനാട്, ജീവനക്കാരൻ, നെടുമൺ സർവീസ് സഹകരണ ബാങ്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]