
ഓതറ ∙ കാൽ നൂറ്റാണ്ടു കാലമായി ടാർ തൊടാതെ ഒരു റോഡ്. കുറ്റൂർ പഞ്ചായത്തിലെ തൈമറവുംകര:-തൃക്കൈയിൽ കടവ് -തുണ്ടിയിൽ പടി റോഡിന്റെ അവസ്ഥയാണിത്.
റോഡിന്റെ അവസ്ഥ ശോച്യമാണെങ്കിലും സർക്കാർ 2 കോടി രൂപ മുടക്കി ഒരു വർഷം മുൻപ് ഇവിടെ പാലം പണിതു. എംസി റോഡിൽ പ്രാവിൻകൂട് ജംക്ഷനിൽ നിന്നു തുടങ്ങുന്ന റോഡാണിത്.
തുടക്കം ആലപ്പുഴ ജില്ലയാണെങ്കിലും 100 മീറ്റർ കഴിഞ്ഞാൽ പത്തനംതിട്ട ജില്ലയായി.
കുറ്റൂർ പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലൂടെ മൂന്നര കിലോമീറ്റർ കടന്ന് കല്ലിശ്ശേരി – ഇരവിപേരൂർ റോഡിലെത്തിച്ചേരുന്ന പാതയാണിത്. ബസ് സർവീസുകൾ ഒന്നുമില്ലാത്ത പ്രദേശത്തുള്ള 350ൽ അധികം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ റോഡാണ്.
ജില്ലാ പഞ്ചായത്താണ് 25 വർഷം മുൻപ് റോഡ് ടാർ ചെയ്തത്.
അതിനുശേഷം ഒരു പദ്ധതിയും ഇവിടേക്കു വന്നിട്ടില്ല. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ റോഡ് റീ ടാറിങിന് അനുവദിച്ചിരുന്നതായി ബ്ലോക്ക് പഞ്ചായത്തംഗം ജിനു തൂമ്പുംകുഴി പറഞ്ഞു. എന്നാൽ പ്രവൃത്തി ഏറ്റെടുക്കാൻ ആരും വന്നില്ല.
ഒരു തരി പോലും ടാർ ഇല്ലാത്ത റോഡിൽ ടാറിങ് നടത്താൻ പണം തികയുകയില്ലെന്നു വന്നതോടെയാണ് ആരും ടെൻഡർ എടുക്കാതിരുന്നത്. 4 വർഷം മുൻപ് ഒൻപതാം വാർഡംഗം സിന്ധു ലാൽ പഞ്ചായത്ത് ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ചു തുണ്ടിയിൽപടി മുതൽ തോണ്ടുപറമ്പിൽപടി വരെ 100 മീറ്ററോളം റീ ടാറിങ് നടത്തിയെങ്കിലും അതും ഇപ്പോൾ പഴയപടിയായി.
ഓതറ പ്രദേശത്തു നിന്നു അനധികൃതമായി മണ്ണു കടത്തുന്ന ടിപ്പർ ലോറികളുടെ നിരന്തരമായ യാത്രയാണു റോഡിനെ ഈ രീതിയിലാക്കിയത്.
റോഡിലെ ദുരിതം കാരണം ഇപ്പോൾ പൊലീസോ റവന്യൂ വകുപ്പോ ഇതുവഴി വരാറില്ല. ഇതോടെ അനധികൃത മണ്ണു കടത്തൽകാരുടെ വിഹാര കേന്ദ്രമായി റോഡ് മാറി.റോഡിന്റെ ദുരിതം ടാറിങിൽ മാത്രം തീരുന്നില്ല.
തൈമറവുംകര റെയിൽവേ അടിപ്പാത കൂടി ഇവിടെയുണ്ട്്. മഴക്കാലത്തു വെള്ളം നിറഞ്ഞ് ഇതുവഴി പോകുന്നതും ദുഷ്കരമാണ്.വരട്ടാറിനു കുറുകെ പണിത പാലത്തിനു സമീപം റോഡിലുള്ള കലുങ്ക് ഇടിഞ്ഞുതാഴ്ന്ന സ്ഥിതിയിലാണ്.
ടിപ്പർ ലോറികളുടെ നിരന്തരമായ യാത്രയാണ് ഇതിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചപ്പോൾ ഒരു സ്ഥാപനത്തിന്റെയും ആസ്തി റജിസ്റ്ററിൽ റോഡ് ഇല്ലെന്നാണ് അറിയിച്ചതെന്നും നാട്ടുകാർ പറഞ്ഞു.ഇപ്പോൾ പ്രദേശത്തുള്ളവർക്കുള്ള യാത്രാമാർഗം സ്വന്തം വാഹനങ്ങൾ മാത്രമാണ്.
തകർന്നു കിടക്കുന്ന റോഡുവഴി സഞ്ചരിച്ചു മിക്കവരുടെയും വാഹനത്തിനു തകരാർ സംഭവിക്കുന്നതു പതിവാണെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]