
കലഞ്ഞൂർ ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ പണികൾ തീർന്നില്ല; കുട്ടികൾ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലഞ്ഞൂർ ∙ ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകാത്തതിനാൽ ഈ അധ്യയന വർഷത്തിലും കുട്ടികൾക്ക് പുതിയ കെട്ടിടത്തിൽ പഠിക്കാനാകില്ല. കെട്ടിട നിർമാണം 3 മാസത്തിനകം പൂർത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് നടത്തിയ ഉന്നത തല യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിരുന്നു. തറക്കല്ലിട്ടു പണികൾ തുടങ്ങിയിട്ട് ഇത് ആറാം വർഷമാണ്. സർക്കാരിൽ നിന്ന് 1.23 കോടി രൂപ അനുവദിച്ച് 2020 ഓഗസ്റ്റിലാണ് കെട്ടിടം പണി ആരംഭിച്ചത്. ആദ്യഘട്ടം പൂർത്തിയാക്കി 30.26 ലക്ഷം രൂപയുടെ ബിൽ കരാറുകാർ നൽകിയെങ്കിലും തുക ലഭ്യമായില്ല. ഇതോടെ പണികൾ മുടങ്ങി.
പിന്നീട് സ്കൂൾ അധികൃതർ നടത്തിയ ഇടപെടലിന്റെ ഫലമായി വിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഇടപെട്ടാണ് പണികൾ തുടങ്ങി ഒരു നിലയുടെ വാർപ്പ് നടത്തിയത്. എന്നാൽ, തുടർ പ്രവർത്തനങ്ങൾ വീണ്ടും മുടങ്ങി. പിന്നീട് മന്ത്രി ഇടപെട്ടതോടെ രണ്ട് നിലയുടെ പണികൾ നടത്തി. മന്ത്രിയുടെ നിർദേശം 3 മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു. മൂന്നു മാസം കഴിഞ്ഞ് വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല.
പണിതീരാത്ത കെട്ടിടത്തോടു ചേർന്ന് ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ച് കുട്ടികളുടെ ശുചിമുറി കെട്ടിടം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനിടെ എസ്എസ്കെയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും കെട്ടിടം നിർമിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി സ്കൂളുകളിൽ ഒന്നാണ് ഇത്.