
പന്തളം ∙ ഹോട്ടൽ അടിച്ചുതകർത്ത യുവാക്കളുടെ സംഘം ഉടമയെ ക്രൂരമായി മർദിച്ചു. എംസി റോഡിൽ മണികണ്ഠനാൽത്തറ ജംക്ഷന് സമീപമുള്ള തൃപ്തി ഹോട്ടൽ ഉടമ മങ്ങാരം തഴയിൽ പാലത്തടത്തിൽ ശ്രീകാന്തിനാണ് (37) മർദനമേറ്റത്.
തലയ്ക്ക് പരുക്കേറ്റ ശ്രീകാന്ത് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകാന്ത് ഹോട്ടൽ നിർത്തി രാത്രി തട്ടുകടയായി പ്രവർത്തിച്ചുവരികയായിരുന്നു. ബുധനാഴ്ച രാത്രി 10.30ന് സ്കൂട്ടറിൽ 3 യുവാക്കൾ ഇവിടെ ഭക്ഷണം കഴിക്കാനെത്തി.
ശ്രീകാന്തിന്റെ സഹോദരൻ ന്യൂറോസർജറി കഴിഞ്ഞു വിശ്രമിക്കുന്ന ശ്രീനാഥും ജീവനക്കാരുമാണ് ഹോട്ടലിലുണ്ടായിരുന്നത്. ചായയും മുട്ട
പൊരിച്ചതും യുവാക്കൾ ആവശ്യപ്പെട്ടു. ഇവ എത്തിച്ചപ്പോൾ മുട്ട
വേണ്ടെന്നു പറഞ്ഞു. ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടപ്പോൾ യുവാക്കളിലൊരാൾ ശ്രീനാഥിനെ പിടിച്ചുതള്ളി.
ജീവനക്കാരെയും കയ്യേറ്റം ചെയ്തശേഷം സംഘം മടങ്ങി. പൊലീസിനെയും വിവരമറിയിച്ചിരുന്നു.
ശ്രീകാന്ത് വിവരമറിഞ്ഞു കടയിലെത്തിയപ്പോഴേക്കും മുൻപ് മടങ്ങിയ 3 പേരടക്കം പന്ത്രണ്ട് യുവാക്കൾ കടയിലെത്തി.
എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ യുവാക്കൾ ആക്രമിച്ചെന്ന് ശ്രീകാന്ത് പറഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ഗ്ലാസ് കൊണ്ട് നെറ്റിക്കും തലയ്ക്കുമടിച്ചു.
ഗ്ലാസ് പൊട്ടി തലയ്ക്ക് സാരമായി പരുക്കേറ്റു. ചെടിച്ചട്ടി കൊണ്ട് പുറത്തിടിക്കുകയും ചെയ്തെന്ന് ശ്രീകാന്ത് പറഞ്ഞു.
അസം സ്വദേശിയായ ജീവനക്കാരൻ റാഷിദിനും (26) കാലിന് പരുക്കേറ്റു. അലമാര അടക്കം യുവാക്കൾ അടിച്ചുതകർത്തു. ശ്രീകാന്തിന് തലയ്ക്ക് 21 കുത്തിക്കെട്ടുണ്ട്.
പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]