
കോന്നി ∙ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, ആർക്കും പരുക്കില്ല. ഞക്കുകാവ് പുതുവലിൽ കിഴക്കേതിൽ ബിന്ദു രാകേഷ് ഓടിച്ചിരുന്ന കാറാണ് കത്തിനശിച്ചത്.
പൂങ്കാവ് – വെള്ളപ്പാറ റോഡിൽ മുണ്ടയ്ക്കാമുരുപ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് സംഭവം. സഹോദരി ബിനിയുമൊത്ത് പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോയശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. പ്ലാസ്റ്റിക് കരിയുന്ന മണം വന്നപ്പോൾ കാർ റോഡരികിലേക്കു മാറ്റിനിർത്തി ഇരുവരും പുറത്തിറങ്ങി.
അപ്പോഴേക്കും ബോണറ്റിനുള്ളിൽനിന്നു പുക ഉയർന്നു. വൈകാതെ കാർ ആളിക്കത്തി.
അഗ്നിരക്ഷാസേനാംഗങ്ങളെത്തി വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.
2017 മോഡൽ വാഹനമാണെന്നും കൃത്യമായി സർവീസ് ചെയ്യാറുണ്ടെന്നും തീപിടിക്കാനുണ്ടായ കാരണം അറിയില്ലെന്നും ബിന്ദു പറഞ്ഞു. സ്റ്റേഷൻ ഓഫിസർ എസ്.ആർ.സന്ദീപ്, ഫയർ ഓഫിസർമാരായ വിജിൽ ലാൽ, രഞ്ജിത്, ഷിജോ സെബാസ്റ്റ്യൻ, അഭിഷേക്, അഭിനന്ദ്, ഹോം ഗാർഡ് മധു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആവശ്യത്തിന് മർദം കിട്ടിയില്ല; വെള്ളമൊഴിക്കാൻ താമസിച്ചെന്ന് ആക്ഷേപം
∙ തീപിടിത്തം അറിഞ്ഞയുടൻ അഗ്നിരക്ഷാസേന എത്തിയെങ്കിലും കാറിലേക്ക് വെള്ളമൊഴിക്കാനെടുത്ത സമയം നീണ്ടുപോയതായി ആക്ഷേപം.
കാറിലുണ്ടായിരുന്നവർ പുക വന്നയുടൻ 101 നമ്പറിലേക്കാണു വിളിച്ചത്. പത്തനംതിട്ട
കൺട്രോൾ റൂമിൽ കിട്ടിയ കോൾ കോന്നിയിലേക്കു നൽകുകയായിരുന്നു. മിനിറ്റുകൾക്കകം കോന്നിയിൽനിന്ന് സേന സ്ഥലത്തെത്തുകയും സേനാംഗങ്ങൾ ഹോസ് എടുത്ത് ബ്രാഞ്ച് ഘടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ആവശ്യമായ ശക്തിയിൽ വെള്ളം ലഭ്യമാകാനായി താമസമുണ്ടായതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ വാഹനമായതിനാൽ വെള്ളം തുറന്നുവിടാനായി സ്വിച്ചാണ് ഉപയോഗിക്കുന്നത്.
സ്വിച്ച് ഓണായശേഷം വെള്ളത്തിന്റെ മർദം കിട്ടാനാണ് താമസമെടുത്തത്. വെള്ളം ഒഴിച്ചതോടെ നിമിഷങ്ങൾക്കകം തീ അണയുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]