
സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ; അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനതിട്ട ∙ പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത ഉത്തരവിട്ടു. ഫ്ലാറ്റിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് മുനിസിപ്പൽ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റിന് നൽകിയ പ്രവർത്തനാനുമതി 2021 മേയിൽ കാലഹരണപ്പെട്ടു. സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ല. കേരള മുനിസിപ്പാലിറ്റി ആക്ടിലെ വിവിധ വകുപ്പുകൾ ലംഘിക്കപ്പെട്ടു. മുനിസിപ്പൽ സെക്രട്ടറി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകൾ 10 ദിവസത്തിനകം പരിഹരിക്കണമെന്ന് കമ്മിഷൻ പിറ്റിസി ബിൽഡേഴ്സ് എംഡിക്ക് നിർദേശം നൽകി. നടപടി സ്വീകരിച്ചില്ലെങ്കിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
തീപിടിത്തം പോലുള്ള അത്യാഹിതം സംഭവിച്ചാൽ താമസക്കാർക്ക് രക്ഷപ്പെടേണ്ടതിനാൽ ഫ്ലാറ്റിലെ 3 ലിഫ്റ്റുകളും പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കി പ്രവർത്തന സജ്ജമാക്കാൻ ബിൽഡർക്ക് നിർദേശം നൽകി. ഇല്ലെങ്കിൽ ജില്ലാ ഫയർ ഓഫിസർ ബിൽഡർക്കെതിരെ നടപടിയെടുക്കണം. മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഫയർ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നിരാക്ഷേപ പത്രം വാങ്ങിയിട്ടാണോ ഫ്ലാറ്റിന് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയതെന്ന് മുൻസിപ്പൽ സെക്രട്ടറി വിശദീകരിക്കണം.
ഫ്ലാറ്റിന്റെ പ്രവർത്തനാനുമതി 2021 മേയിൽ കാലഹരണപ്പെട്ടതായി നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ച സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇരുവരും 15 ദിവസത്തിനകം സമർപ്പിക്കണം. നാപ്കിൻ സംസ്കരണ സംവിധാനം നടപ്പിലാക്കാത്തതും ജൈവമാലിന്യ സംസ്കരണ ബിൻ ഉപയോഗിക്കാൻ അനുവദിക്കാത്തതും എൻവയോൺമെന്റൽ എൻജിനീയർ പരിശോധിക്കണം.
ഫ്ലാറ്റ് ഉടമസ്ഥരുടെ അസോസിയേഷൻ 30 ദിവസത്തിനകം രൂപീകരിക്കാൻ ബിൽഡർ നടപടിയെടുക്കണം. എഗ്രിമെന്റിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ലഭ്യമായില്ലെങ്കിൽ പരാതിക്കാർക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നഷ്ടപരിഹാരം ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം മുനിസിപ്പൽ സെക്രട്ടറി, എൻവയോൺമെന്റൽ എൻജിനീയർ, ജില്ലാ ഫയർ ഓഫിസർ എന്നിവർ അറിയിക്കണം. ബിന്ദു വർഗീസ്, സിന്ധു വി. നായർ, അന്നമ്മ ജോർജ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.