
വെള്ളം മുടങ്ങിയിട്ട് ഒന്നര മാസം; തൈക്കാവുകാരെ മറന്ന് അധികാരികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ പൈപ്പ് പൊട്ടി ഒന്നര മാസം കഴിഞ്ഞിട്ടും തൈക്കാവിലേക്കു ജലവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. നഗരസഭ ബസ് സ്റ്റാൻഡിനും എസ്പി ഓഫിസ് ജംക്ഷനും മധ്യേ അബാൻ മേൽപാലത്തിന്റെ സർവീസ് റോഡ് പണി നടക്കുന്ന ഭാഗത്താണ് ശുദ്ധജല പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്നു സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇത് ആരാണ് ശരിയാക്കേണ്ടത് എന്നതിനെച്ചൊല്ലി മേൽപാലത്തിന്റെ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി), ജലഅതോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ തർക്കം ഉണ്ടായി.
ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ നഗരസഭ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ വിഷയം ഉന്നയിച്ചു. ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം കാരണം തൈക്കാവ് നിവാസികൾ അനുഭവിക്കുന്ന ജലക്ഷാമം യോഗത്തിൽ ചർച്ചയായി. തുടർന്ന് പൈപ്പിന്റെ പണി ജല അതോറിറ്റിയും റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം കെആർഎഫ്ബിയും നടത്താമെന്ന് യോഗത്തിൽ അറിയിച്ചു. ഇന്നലെ പൈപ്പിന്റെ പണികൾ തുടങ്ങുമെന്ന് യോഗത്തിൽ ഉറപ്പു നൽകിയെങ്കിലും ആരംഭിച്ചില്ല. ജല അതോറിറ്റിയുടെ കരാറുകാർ വന്നു നോക്കി പോയി.
പൈപ്പിന്റെ പണി തുടങ്ങാനുള്ള എല്ലാ പശ്ചാത്തല സൗകര്യവും തങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെആർഎഫ്ബിയും അറിയിച്ചു. അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം തൈക്കാവ് സ്കൂളിന് സമീപത്തെ ടാങ്കിൽ എത്തിച്ചാണ് വിതരണം നടത്തിവന്നത്. പൈപ്പ് പൊട്ടിയതു കാരണം തൈക്കാവ് ടാങ്കിലേക്കു വെള്ളം എത്തുന്നില്ല.അതിനാൽ മഴക്കാലത്തും പണം കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് തൈക്കാവ് നിവാസികൾ. ഈ ദുരിതം എന്നു തീരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.