
ശുചിമുറി മാലിന്യം തള്ളാനെത്തിയ ലോറി പൊലീസ് പിടിയിൽ; പിടികൂടിയത് 3 കിലോമീറ്ററിലധികം പിന്തുടർന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണടി∙ റോഡരികിൽ തള്ളാൻ ശുചിമുറി മാലിന്യവുമായി വന്ന ടാങ്കർ ലോറി പൊലീസ് മൂന്ന് കിലോമീറ്ററിലധികം പിന്തുടർന്ന് പിടികൂടി. ഇന്നലെ പുലർച്ചെ 2.15ന് ഏനാത്ത്– മണ്ണടി റോഡിൽ ദളവ ജംക്ഷനിൽ വച്ച് ശുചിമുറി മാലിന്യവുമായി വന്ന ടാങ്കർ ലോറിക്ക് അകമ്പടി വന്ന കാർ പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. ഈ വാഹനത്തിനു തൊട്ടു പിന്നിലായി വന്ന ടാങ്കർ ലോറിയെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ ഫിലിപ് സിപിഒ അനീഷ് എന്നിവർ പൊലീസ് വാഹനത്തിൽ പിന്തുടരുകയായിരുന്നു.
ലോറി അടൂർ-മണ്ണടി റോഡിലൂടെ മുടിപ്പുര വഴി ദേശക്കല്ലുമൂട് റോഡിൽ പ്രവേശിച്ചതോടെ എംസി റോഡിൽ ഉണ്ടായിരുന്ന പട്രോളിങ് സംഘത്തിന് സന്ദേശം നൽകി. ഇതിനിടയിൽ പലതവണ പൊലീസ് വാഹനത്തിൽ ലോറി ഇടിപ്പിച്ച് രക്ഷപ്പെടാനായി ലോറിയിൽ ഉണ്ടായിരുന്നവർ ശ്രമിച്ചു. ദേശക്കല്ലുംമൂട് റോഡ് എംസി റോഡിൽ ചേരുന്ന ഏനാത്ത് മിസ്പാ പടിയിൽ നിലയുറപ്പിച്ച പൊലീസ് സംഘം വാഹനം കുറുകെയിട്ട് ടാങ്കർ ലോറി തടഞ്ഞ് പിടിച്ചെടുത്തു. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മുടിപ്പുര ഭാഗത്ത് റോഡരികിലും നീർച്ചാലിലും മാലിന്യം തള്ളുന്നത് പതിവായതോടെ ആഴ്ചകൾക്ക് മുൻപ് ടാങ്കർ ലോറിയും അകമ്പടി വന്ന വാഹനവും പൊലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ പഴകുളം ഭാഗത്തു നിന്നു വന്ന വാഹനമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ അമൃത്സിങ് നായകം പറഞ്ഞു.