
ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും യാത്രക്കാരിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൻമരം കടപുഴകി വീണു. ഓട്ടോഡ്രൈവറും യാത്രക്കാരിയും പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ടയിൽ കേരള ബാങ്കിനു സമീപമുള്ള റോഡിൽ വൈകിട്ട് നാലരയോടെയാണ് അപകടം. വീട്ടുമുറ്റത്ത് നിന്ന വലിയ മരം റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. ഈ സമയം ഈ വഴി ഓട്ടോയിൽ വന്ന ഡ്രൈവർ മണ്ണാറക്കുളഞ്ഞി നെടുവേലിൽ ബിനു തോമസും വാഹനത്തിലെ യാത്രക്കാരി അനില ദേവിയുമാണു മരച്ചില്ലകൾക്കു അടിയിൽപ്പെട്ടത്. പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു വാഹനം. മരം വീഴുന്നത് കണ്ട് എതിർദിശയിൽ നിന്നു വന്ന വാൻ പെട്ടെന്ന് നിർത്തി. റോഡ് പൂർണമായും മരച്ചില്ലകളാൽ മൂടിയ നിലയിലായിരുന്നു. വൈദ്യുതി ലൈനുകളും താഴേക്ക് പതിച്ചു. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. മരശിഖരങ്ങൾ മുറിച്ചുനീക്കിയ ശേഷമാണ് ഏറെ നേരം നിലച്ച ഗതാഗതം പുനസ്ഥാപിച്ചത്.
നടുക്കം മാറാതെ
‘എന്താണ് സംഭവിച്ചതെന്നു ആദ്യം മനസ്സിലായില്ല. വാഹനത്തിനു മുകളിലേക്ക് എന്തോ വന്നുവീണതു പോലെയാണ് തോന്നിയത്. ഭാഗ്യം കൊണ്ടാണ് പരുക്കേൽക്കാതെ രക്ഷപെട്ടത്’– ഇക്കാര്യം വിവരിക്കുമ്പോഴും ഡ്രൈവർ ബിനു തോമസിന് നടുക്കം മാറിയിരുന്നില്ല. മഹിളാ കോൺഗ്രസ് ഭാരവാഹിയായ മലയാലപ്പുഴ സ്വദേശി അനില ദേവിയായിരുന്നു ഓട്ടോയിലെ യാത്രക്കാരി. ഡിസിസി ഓഫിസിലേക്ക് പോകുകയായിരുന്നു വാഹനം. മരച്ചില്ലകൾ മാറ്റി പുറത്തേക്ക് നോക്കുമ്പോൾ ആദ്യം കണ്ടത് തൊട്ടരികിൽ പതിച്ച വൈദ്യുതി ലൈനുകളാണെന്നു അനില പറഞ്ഞു. ഭീതിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. അഗ്നിരക്ഷാസേന മരശിഖരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഓട്ടോറിക്ഷ പുറത്തേക്ക് എടുത്തത്. വലിയ കേടുപാടുകൾ വാഹനത്തിന് സംഭവിക്കാതിരുന്നതും ബിനുവിനും ആശ്വാസമായി.