
മാലിന്യം തള്ളുന്നവരെ പിടികൂടാനായി ചിറമുടിക്ക് ക്യാമറക്കണ്ണുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ പൂഴിക്കാട് ചിറമുടിയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി ചിറമുടി സംരക്ഷണസമിതി സ്ഥാപിച്ച 6 നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ചിറമുടിയിലെ കുളത്തിലും സമീപത്തെ തോട്ടിലും ശുചിമുറി മാലിന്യം അടക്കം തള്ളുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ സമിതി രൂപീകരിച്ചതും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതും. സ്ഥാപിച്ചവയിൽ രണ്ടെണ്ണം എഐ ക്യാമറകളാണ്. ചിറമുടിയുടെ സംരക്ഷണത്തിനായി വിപുലമായ പദ്ധതിയാണ് സമിതി തയാറാക്കിയിട്ടുള്ളത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചിറമുടിയിൽ സർക്കാർ പ്രഖ്യാപിച്ച വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായുള്ള പ്രപ്പോസൽ കലക്ടർക്ക് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3.5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. പ്രാരംഭ ജോലികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. മാലിന്യം തള്ളുന്ന ഐരാണിക്കുടി, തോണ്ടുകണ്ടം അടക്കമുള്ള മറ്റ് സ്ഥലങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗിച്ചു ക്യാമറ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൗൺസിലർ പന്തളം മഹേഷ്, ഫാ.മാത്യു വലിയപറമ്പിൽ, ആനി ജോൺ തുണ്ടിൽ, സമിതി സെക്രട്ടറി സുജി ബേബി, എസ്.അജയകുമാർ, ജി.പൊന്നമ്മ, കെ.എം.രാധാകൃഷ്ണൻ നായർ, ടി.എസ്.രാധാകൃഷ്ണൻ, സമിതി ട്രഷറർ കെ.ഡി.വേണു, വൈസ് പ്രസിഡന്റ് പാപ്പൻ മത്തായി പ്രസംഗിച്ചു.