പാലക്കാട് ∙ ദേശീയപാത ചന്ദ്രനഗർ മേൽപാലത്തിൽ ദീർഘദൂര ബസുകളും കാർ ഉൾപ്പെടെയുള്ള 4 വാഹനങ്ങളും കൂട്ടിയിടിച്ച് ഇരുപതോളം പേർക്കു പരുക്കേറ്റു. ഇവരിൽ ദീർഘദൂര ബസിലെ ഡ്രൈവർമാർക്കും ക്ലീനർക്കും സാരമായി പരുക്കേറ്റു.
ആലുവ കീഴ്മട മലയൻകാട് പുലിമുറ്റം സ്വദേശി സിനോജ് (40), കൊച്ചി പള്ളിത്താണി ഏഴാമുട്ടം സ്വദേശി അനൂപ് (36), ബസ് ക്ലീനർ കൊച്ചി വട്ടപ്പാറ പട്ടിമറ്റ ചീരക്കാട് എബിൻ ബേബി (34) എന്നിവർക്കാണു പരുക്കേറ്റത്.
തലയ്ക്കും കാലിനും പരുക്കേറ്റ മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റു യാത്രക്കാരെ ജില്ലാ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ഇന്നലെ രാവിലെ 6നു ദേശീയപാത ചന്ദ്രനഗർ പിരിവുശാലയിലാണ് അപകടം.
ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ചരക്കുലോറി പെട്ടെന്നു തകരാറായി നിന്നു. ഇതിലേക്ക് ഇടിക്കാതിരിക്കാൻ പിന്നാലെയെത്തിയ കാർ വെട്ടിക്കുന്നതിനിടെ ഇതിനു പിന്നിലേക്ക് ദീർഘദൂര ബസ് ഇടിച്ചു.
അതിനു പിന്നാലെയെത്തിയ മറ്റൊരു ദീർഘദൂര ബസും ആ ബസിനു പിന്നിലേക്ക് ഇടിച്ചു കയറി. ഇതിന്റെ മുൻവശം പൂർണമായി തകർന്ന് ഇതിനകത്തുണ്ടായിരുന്ന ഡ്രൈവർമാരും ക്ലീനറും കുടുങ്ങി.
ഇടിയുടെ ആഘാതത്തിൽ ഇരു ബസിനുള്ളിലെയും യാത്രക്കാർക്കു മറിഞ്ഞും വീണുമാണു പരുക്കേറ്റത്.
ആരുടെയും പരുക്കു ഗുരുതരമായിരുന്നില്ല. ദീർഘദൂര ബസുകൾ രണ്ടും ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കാണു പോയിരുന്നത്.
കാറും ചരക്കുലോറിയും കോയമ്പത്തൂരിൽനിന്നു തൃശൂരിലേക്കാണു സഞ്ചരിച്ചിരുന്നത്. കാറിനു പിന്നിലേക്കിടിച്ച ബസിൽ 17 യാത്രക്കാരും ഇതിനു പിന്നിലേക്കിടിച്ച ബസിൽ 30 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
ഇതിലെ ഇരുപതോളം പേരാണ് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയത്. ബാക്കി ആർക്കും പരുക്കേറ്റിരുന്നില്ലെന്നാണു സൗത്ത് പൊലീസ് അറിയിച്ചത്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
സീനിയർ ഫയർ ഓഫിസർ എ.അൻവറിന്റെ നേതൃത്വത്തിലുള്ള പാലക്കാട് അഗ്നിരക്ഷാ സേനയും ദേശീയപാത കരാർ കമ്പനിയുടെ സുരക്ഷാ വിഭാഗവും ചേർന്നു 2 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സൗത്ത് പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. സേനയ്ക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും ആപ്ദമിത്ര വൊളന്റിയർമാരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.
സേനാംഗങ്ങളും വൊളന്റിയർമാരും ഇടപെട്ടു ഗതാഗതം നിയന്ത്രിച്ചും വാഹനങ്ങൾ ക്രൈയിനെത്തിച്ചു മാറ്റിയുമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
വേഗക്കുറവ്, സമയോചിത ഇടപെടൽ; ഒഴിവായത് വൻദുരന്തം
ചന്ദ്രനഗർ ∙ ദേശീയപാതയിലെ വാഹനങ്ങളുടെ കൂട്ടിയിടിയിൽ വലിയ ദുരന്തമൊഴിവായത് വാഹനങ്ങൾക്കു വേഗം കുറവായതിനാലും ഡ്രൈവർമാരുടെ സമയോചിത ഇടപെടലിലുമാണെന്ന് മോട്ടർ വാഹന വകുപ്പും പൊലീസും. ചന്ദ്രനഗർ ജംക്ഷനിലേക്കും സിഗ്നലിലേക്കും അടുത്തതിനാൽ ദീർഘദൂര ബസുകൾ വേഗം കുറച്ചാണ് വന്നിരുന്നത്.
കാറും സമാനമായി വേഗം കുറച്ചാണു പോയിരുന്നത്. മുന്നിലുണ്ടായിരുന്ന ചരക്കുലോറി പെട്ടെന്നു തകരാറായി നിന്നതോടെ കാർ നിയന്ത്രിച്ചു നിർത്തി.
ഇതിനാൽ ലോറിയിൽ ഇടിച്ചില്ല. എന്നാൽ പിന്നാലെയെത്തിയ ദീർഘദൂര ബസുകളിലൊന്നു കാറിനു പിന്നിൽ ഇടിച്ചു.
എന്നാൽ വേഗം കുറവായതിനാൽ വാഹനം നിയന്ത്രിക്കാനായി. അതിനാൽ കാറിലുണ്ടായിരുന്നവർക്കു പരുക്കേറ്റില്ല.
കാറിനു പിന്നിൽ ചെറിയ തകരാറുണ്ടായി. പിന്നാലെയെത്തിയ ദീർഘദൂര ബസിന്റെയും വേഗം കുറവായിരുന്നു.
വാഹനങ്ങൾക്കു വേഗം കൂടുതലായിരുന്നെങ്കിൽ വലിയ ദുരന്തത്തിനു കാരണമായേനെ. ഇതിനൊപ്പം അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധ സേനാംഗങ്ങളും ഒരുമിച്ചു കൈകോർത്തതും അപകട തീവ്രത കുറച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

