വടക്കഞ്ചേരി ∙ പന്നിയങ്കര ചൂരക്കോട്ടുകുളമ്പിൽ പ്രവർത്തിക്കുന്ന ക്വാറിയിലെ പാറ പൊട്ടിച്ചു തകർത്തതു രണ്ടു റോഡുകൾ. പന്നിയങ്കര ദേശീയപാതയിൽ നിന്നാരംഭിക്കുന്ന പന്നിയങ്കര – ചെല്ലിപ്പറമ്പ് റോഡിനും പന്നിയങ്കര – കൊളക്കോട് റോഡിനും ഒരു മീറ്റർ മാത്രം വ്യത്യാസത്തിലാണു പാറ പൊട്ടിച്ചിരിക്കുന്നത്.
15 മുതൽ 35 മീറ്റർ വരെ ആഴത്തിലാണു പാറ പൊട്ടിക്കുന്നത്. നിയമം കാറ്റിൽ പറത്തി വൻ തോതിൽ കല്ലും മണ്ണും കടത്തിയപ്പോൾ രണ്ടു റോഡുകളാണ് ഏതു നിമിഷവും ഇടിയുമെന്ന നിലയിലായിരിക്കുന്നത്.
ഇതിലൂടെ യാത്ര ചെയ്താൽ അപകടത്തിൽപെടുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
നിലവിൽ വൻ പാറക്കുഴി ഇരുമ്പുമറ ഉപയോഗിച്ചു മറച്ചു കെട്ടിയിട്ടുണ്ടെങ്കിലും ഇതു ശാശ്വതമല്ലെന്നു നാട്ടുകാർ പറഞ്ഞു. ക്വാറി നിർത്തിപ്പോയാൽ ഇവിടം ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല. പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന റോഡ് ഇല്ലാതാകുന്ന അവസ്ഥയാണെന്നു പ്രദേശവാസികൾ പറഞ്ഞു.
ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
പാറ പൊട്ടിക്കാൻ നടത്തുന്ന ഉഗ്രസ്ഫോടനം മൂലം വീടുകൾക്കു വിള്ളൽ വീണിട്ടുണ്ട്. ഇതു സംബന്ധിച്ചു ജിയോളജി വകുപ്പിനും തഹസിൽദാർക്കും കണ്ണമ്പ്ര വില്ലേജ് ഓഫിസർക്കും പരാതി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
അപകടം നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ ആളുകൾ ഭയക്കുന്നു. വാവുമല ടൂറിസം പദ്ധതിയെയും പാറ പൊട്ടിക്കൽ ബാധിക്കുമെന്നു നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

