
എലപ്പുള്ളി ∙ നെല്ലളന്നു നൽകിയ കർഷകർക്കു പിആർഎസ് രസീത് നൽകി 4 മാസം പിന്നിട്ടിട്ടും വായ്പ തുക നൽകിയില്ലെന്ന് ആരോപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എലപ്പുള്ളി ശാഖയ്ക്കു മുന്നിൽ കർഷക സംഘം ഉപരോധ സമരം നടത്തി. രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. കസബ സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണു സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ബാങ്കിലേക്കു പ്രവേശിപ്പിച്ചത്.
തുടർന്നു ബാങ്കിനു മുന്നിൽ ഇരുന്ന് സമരക്കാർ പ്രതിഷേധിച്ചു. പിന്നീട് പൊലീസിന്റെ ഇടപെടലിനൊടുവിൽ എസ്ബിഐ ചീഫ് മാനേജർ എ.പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഓഗസ്റ്റ് രണ്ടാം തീയതിക്കകം കർഷകർക്കു തുക ലഭ്യമാക്കുമെന്ന ഉറപ്പിനെ തുടർന്നു സമരം അവസാനിപ്പിച്ചു.
എലപ്പുള്ളിയിൽ 17 പാടശേഖരസമിതികളിലായി 3500 ഏക്കറോളം നെൽക്കൃഷിയുണ്ട്.
എസ്ബിഐയും കനറാ ബാങ്കുമാണ് പിആർഎസ് ഈടു വച്ച് കർഷകർക്കു വായ്പ നൽകുന്നത്. ഇവരിൽ 5 പേർക്കു മാത്രമേ വായ്പ തുക എസ്ബിഐ അനുവദിച്ചിട്ടുള്ളൂവെന്നാണ് കർഷക സംഘം ആരോപിക്കുന്നത്.
തുടർന്നാണ് ഉപരോധ സമരത്തിലേക്കു നീങ്ങിയത്. 2 മണിക്കൂറിലേറെ നീണ്ട
ഉപരോധം കർഷക സംഘം ജില്ലാ ട്രഷറർ എസ്.സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.ആർ.സുരേഷ് കുമാർ അധ്യക്ഷനായി.
സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി,പി.സി.ബിജു, എം.സുന്ദരൻ, വി.സതീഷ്, എസ്.മനോജ്,സി.മുരളി എന്നിവർ പ്രസംഗിച്ചു. ഉറപ്പു തെറ്റിച്ചാൽ ബാങ്കിനു മുന്നിൽ സമരം ശക്തമാക്കുമെന്നും കർഷക സംഘം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]