
ആനക്കര ∙ ആനക്കര ഹൈസ്കൂൾ കുന്നിൽ മാലിന്യം തള്ളി; നാട്ടുകാരുടെ അവസരോചിത ഇടപെടലിനെ തുടർന്നു മാലിന്യം നീക്കി. ആനക്കര ഹൈസ്കൂളിനു പിൻവശത്തെ പറമ്പിലാണു മൂന്നിടങ്ങളിലായി മാലിന്യം തള്ളിയതു പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്നു നടത്തിയ പരിശോധനയിൽ തൃശൂരിലെ സ്വകാര്യ ഹൈപ്പർ മാർക്കറ്റിലെ മാലിന്യങ്ങളാണെന്നു തിരച്ചറിഞ്ഞു. കാലാവധി കഴിഞ്ഞ ഭക്ഷണ പദാർഥങ്ങളും പാക്കറ്റിലും ബോട്ടിലിലും ഉള്ള വിവിധ വസ്തുക്കളും പ്ലാസ്റ്റിക് കവറുകളും കയറുകളും ഉൾപ്പെടെ രണ്ടു ലോഡിലധികം വിവിധ മാലിന്യങ്ങളുമാണു ലോറിയിൽ ഇവിടെ തള്ളിയിരുന്നത്.
നാട്ടുകാർ ആനക്കര പഞ്ചായത്ത് അധികൃതരെയും മറ്റും വിവരമറിയിച്ചതിനെ തുടർന്നു സ്ഥാപന പ്രതിനിധികളും സ്ഥലത്തെത്തി.
നാട്ടുകാർ ശക്തമായ ഭാഷയിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. മാലിന്യങ്ങൾ സ്ഥാപനത്തിൽ നിന്നു നീക്കം ചെയ്യാൻ മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്കു കരാർ നൽകുകയാണു പതിവെന്നും തങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു സ്ഥാപന പ്രതിനിധികളുടെ വാദം.
അപ്പോഴേക്കും സ്ഥലത്തു പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. വാദ പ്രതിവാദങ്ങൾക്കൊടുവിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ടു ബന്ധപ്പെട്ടവരെ കൊണ്ടു തന്നെ മാലിന്യങ്ങൾ ലോറിയിൽ കയറ്റി നീക്കം ചെയ്യിച്ചു.
ഇത്രയധികം മാലിന്യം അനധികൃതമായും അലക്ഷ്യമായും കൊണ്ടുവന്നു തള്ളിയതിനു പിഴയടയ്ക്കാനുള്ള നിയമാനുസൃത നോട്ടിസും മറ്റും ഇന്നു കൈമാറുമെന്ന് ആനക്കര പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.വി.കിഷൻ ലാൽ, എൻ.വി.നിജുമോൻ, പഞ്ചായത്ത് അംഗം പി.സി.രാജു മറ്റു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]