
പാലക്കാട് ∙ മലബാറിന്റെ രുചിവൈവിധ്യങ്ങൾ പാലക്കാടിനു പരിചയപ്പെടുത്തിയ നൂർജഹാൻ ഹോട്ടൽ ശൃംഖല സ്ഥാപകൻ പി.സി.ഹംസ ഹാജി ഇനി ഓർമ. പാലക്കാട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നതു ‘നൂർജഹാൻ ഹംസക്ക’ എന്നായിരുന്നു.
മാഹി സ്വദേശിയാണെങ്കിലും ബിസിനസ് ആവശ്യത്തിനായി പാലക്കാടെത്തുകയായിരുന്നു. പഴമയുടെ സ്വാദ് നിലനിർത്തിത്തന്നെ പുതുതലമുറയെ കൂടി നൂർജഹാന്റെ രുചിയിലേക്ക് അടുപ്പിച്ചതിനു പിന്നിൽ ഹംസയുടെ കൈപ്പുണ്യത്തിന്റെ രഹസ്യമുണ്ട്. കേരളത്തിലും ഗൾഫ് നാടുകളിലേക്കും നൂർജഹാൻ വളർന്നതും ഹംസയുടെ ശ്രമഫലമാണ്.
ഓരോ വിഭവവും അദ്ദേഹം രുചിച്ചു നോക്കി ഉറപ്പുവരുത്തിയാണു ഹോട്ടലിലെ തീൻമേശയിലെത്തുക. പാരമ്പര്യക്കൂട്ട് തന്നെയായിരുന്നു രഹസ്യം.
പാചകക്കാർക്കൊപ്പവും വിളമ്പുകാരുടെ കൂട്ടത്തിലും ഹംസയെ കാണാമായിരുന്നു.
പാലക്കാട് – പൊള്ളാച്ചി റെയിൽപാതയോരത്തു ഗാന്ധി ബസാറിൽ 1950ലാണു നൂർജഹാൻ ഹോട്ടൽ ഹംസയുടെ പിതാവ് കണ്ണൂർ പെരിങ്ങാടി ചെങ്ങണോത്ത് ഹമീദ് ഏറ്റെടുക്കുന്നത്. പത്തിരിയും ഇറച്ചിയുമായിരുന്നു നൂർജഹാൻ ആദ്യം പരിചയപ്പെടുത്തിയ വിഭവം.
പിന്നീടു ബിരിയാണി മുതൽ പുതിയ കാലത്ത് കുഴിമന്തി വരെ നീണ്ടു. 17 വയസ്സുള്ളപ്പോഴാണു പിതാവിനെ സഹായിക്കാൻ കണ്ണൂരിൽ നിന്നു ഹംസ പാലക്കാടെത്തുന്നത്.
കാൽപന്തുകളിയുടെ ഭ്രമം കാരണം തലശ്ശേരിയിലും മാഹിയിലും പന്തിനു പിന്നാലെയായിരുന്നു അതുവരെ ഹംസയുടെ ജീവിതം.
തലശ്ശേരിയിലെ മുസ്ലിം ലീഗ് നേതാവ് കെ.എം.സീതി സാഹിബിനെ കാണാൻ പോയതാണു വഴിത്തിരിവ്. 1953 ഒക്ടോബറിൽ പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഹംസയോട് ആവശ്യപ്പെട്ടു.
കോട്ടമൈതാനത്തു നടന്ന സമ്മേളനത്തിൻ പങ്കെടുക്കാനാണ് ആദ്യമായി ഇവിടെ എത്തിയത്. ലീഗിന്റെ ചരിത്രത്തിൽ നാഴികക്കല്ലായ ആ സമ്മേളനത്തോടെ പാർട്ടിയിൽ ആകൃഷ്ടനായി.
സീതി സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച്.മുഹമ്മദ് കോയ, തിരുപ്പൂർ മൊയ്തീൻ, എസ്.എം.ഷെരീഫ് എന്നീ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മികച്ച ഫുട്ബോൾ കളിക്കാരൻ കൂടിയായ അദ്ദേഹം പാലക്കാട് ഡയനാമോസ് ക്ലബ് അംഗമായിരുന്നു.
പ്രാദേശിക പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
1956ൽ ഹംസ നൂർജഹാന്റെ ചുമതല ഏറ്റെടുത്തു. അതു നൂർജഹാനു പുതുപ്പിറവിയായിരുന്നു.
പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങൾ മുതൽ പാണക്കാട് തറവാട്ടിലെ പുതിയ തലമുറ വരെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എം.എൻ.ഗോവിന്ദൻ നായർ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ തുടങ്ങി ഒട്ടേറെ നേതാക്കൾ നൂർജഹാന്റെ രുചി തേടി എത്തുമായിരുന്നു.
50 വർഷത്തിലധികം സുൽത്താൻപേട്ട
ഏരിയ ലീഗിന്റെ പ്രസിഡന്റായിരുന്നു. ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
ജില്ലാ ആശുപത്രി വികസന സമിതി അംഗമായി 22 വർഷം പ്രവർത്തിച്ചു. ആശുപത്രിയിലെ ആധുനികവൽക്കരണത്തിൽ മുഖ്യപങ്കുവഹിച്ചു.
കോയമ്പത്തൂർ കേരള സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ അദ്ദേഹത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]