
ഗതാഗതക്കുരുക്കിനിടെ അപകടം; ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
ഒറ്റപ്പാലം ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ വാഹനമിടിച്ചു റോഡിലേക്കു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരിക്കു സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം. തൃക്കങ്ങോട് ‘സ്വാതി’യിൽ മലമ്പള്ളയിൽ സന്ധ്യയാണു (36) മരിച്ചത്.
സ്കൂട്ടർ ഓടിച്ച ഭർത്താവ് രാജേഷിനു (41) ഗുരുതര പരുക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെ പാലക്കാട് – കുളപ്പുള്ളി പാതയിൽ വേങ്ങേരി ക്ഷേത്രപരിസരത്തായിരുന്നു അപകടം. പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ്, സന്ധ്യയും രാജേഷും യാത്ര ചെയ്തിരുന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം.
നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ സന്ധ്യയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
സ്കൂട്ടറിൽ ഓട്ടോറിക്ഷ തട്ടിയാണു മറിഞ്ഞതെന്ന വാദം കൂടി ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന വേണ്ടിവരും.സന്ധ്യ തൽക്ഷണം മരിച്ചു.
കാലിനു പരുക്കേറ്റ നിലയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച രാജേഷിനെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ലക്കിടി പുത്തൂരിലെ സന്ധ്യയുടെ വീട്ടിൽ നിന്നു തൃക്കങ്ങോട്ടേക്കു പോകുമ്പോഴായിരുന്നു അപകടം. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മക്കൾ: അഭിനവ്ചന്ദ്ര, അവനീത്ചന്ദ്ര. പുത്തൂർ ചീനിക്കോട്ടിൽ ഗംഗാധരൻ – സരസ്വതി ദമ്പതികളുടെ മകളാണു സന്ധ്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]