പന്നിയങ്കര ടോൾ; 10 കിലോമീറ്റർ സൗജന്യത്തിൽ ഉറച്ച് സമരക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ ടോൾ അനുവദിക്കുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കെ നാളെ മുതൽ ടോൾ പിരിക്കുമെന്ന് കരാർ കമ്പനി. ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രം സൗജന്യം നൽകുമെന്നും ബാക്കി 20 കിലോമീറ്റർ പരിധിയിൽ ഉള്ളവർ പ്രതിമാസ പാസ് വാങ്ങി തുക അടയ്ക്കണമെന്നുമാണ് കരാർ കമ്പനി പറയുന്നത്. ഇതുവരെ നാലായിരത്തോളം അപേക്ഷകൾ സ്വീകരിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ടോൾ പ്ലാസയുടെ 10 കിലോമീറ്റർ വായുദൂരത്തിൽ ഉള്ളവർക്ക് സൗജന്യം നൽകണമെന്ന് വടക്കഞ്ചേരി ജനകീയ വേദിയും വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടു.
സർവകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം അഡീഷനൽ ജില്ലാ മജിസ്ടറേറ്റ് കെ.മണികണ്ഠന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്ത് പിരിധിയിലുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടിൽ ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം പ്രഖ്യാപിക്കാവൂ എന്നും അല്ലെങ്കിൽ ടോൾപ്ലാസ ഉപരോധം അടക്കം നടത്തുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി.പന്നിയങ്കരയിൽ 6 പഞ്ചായത്തിലെ ജനങ്ങൾക്ക് ഇതുവരെ സൗജന്യം നൽകിയിരുന്നു.
എന്നാൽ ഏപ്രിൽ ഒന്നു മുതൽ ഇത് നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രം സൗജന്യം നൽകുമെന്നുമാണ് ടോൾ കമ്പനി പറയുന്നത്. കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ജില്ലാ കലക്ടർ ജി.പ്രിയങ്ക, ദേശീയപാത, കരാർ കമ്പനി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഏഴര കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യം നൽകാമെന്ന് കരാർ കമ്പനി അറിയിച്ചു. എന്നാൽ വടക്കഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.
ഇതോടെ ഏഴര കിലോമീറ്ററിന് മുകളിൽ സൗജന്യം അനുവദിക്കാവുന്ന പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങൾ ഏകോപിപ്പിച്ച് പരമാവധി 10 കിലോമീറ്റർ വരെ എന്ന ധാരണയിലെത്തുകയായിരുന്നു.തുടർന്ന് പ്രധാന കേന്ദ്രങ്ങൾ നിശ്ചയിച്ച് എഡിഎം രൂപരേഖ തയാറാക്കി. ഇതിൽ ചർച്ച നടത്താതെ ഏകപക്ഷീയമായി ടോൾ കമ്പനി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും അന്തിമ തീരുമാനം എടുത്ത ശേഷം ജനങ്ങൾക്ക് വാഹനത്തിന്റെ രേഖകൾ സമർപ്പിക്കാൻ 15 ദിവസം കൂടി നൽകണമെന്നും സമരത്തിന് നേതൃത്വം നൽകുന്ന ജനകീയ വേദി ഭാരവാഹികൾ പറഞ്ഞു. കൂടാതെ നാല് ചക്രങ്ങളുള്ള ഓട്ടോകൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യ അനുവദിക്കണമെന്ന ആവശ്യവും നടപ്പിലാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.