വടക്കഞ്ചേരി∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്ടംകാളിപ്പൊറ്റ ആർ.വിഷ്ണുരാജാണ് (29) അറസ്റ്റിലായത്.
2003 ഡിസംബർ 8 മുതൽ 2014 ഏപ്രിൽ ഒന്നു വരെ യുകെയിലേക്കു വീസയും ജോലിയും വാഗ്ദാനം ചെയ്ത് പുലാപ്പറ്റ സ്വദേശി സന്ദീപ്, ഭാര്യ അർച്ചന എന്നിവരുടെ ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ 15 പേരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
ഇതേക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചു.
ഒളിവിലായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണു പിടികൂടിയത്. കണ്ടംകാളിപ്പൊറ്റയിൽ ഉണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് അവിടെയെത്തിയപ്പോൾ കടന്നുകളയാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.വടക്കഞ്ചേരിയിൽ കൺട്രോൾ എസ് എൽഎൽപി എന്ന സ്ഥാപനം നടത്തി സ്ത്രീ ജീവനക്കാർ വഴിയാണു ഭൂരിഭാഗം തട്ടിപ്പും നടത്തിയത്.
സമൂഹ മാധ്യമങ്ങളിലും പരസ്യം നൽകിയിരുന്നു.
തൃശൂർ പേരാമംഗലം സ്വദേശി സെബിൻ വർഗീസിന്റെ 1,62,290 രൂപ തട്ടിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. കോട്ടയം സ്വദേശികളായ ജയ്മോൻ ജോസഫ്, രേഷ്മ രവി, ചാവക്കാട് സ്വദേശി പി.എസ്.സുജീഷ്, പാവറട്ടി സ്വദേശി കെ.എസ്.സനീഷ്, പാലക്കാട് ഇരട്ടയാൽ സ്വദേശി എം.ശൈലജ എന്നിവരും തട്ടിപ്പിനിരയായതായി പരാതി നൽകിയിരുന്നു.
പലർക്കും വിവിധ രാജ്യങ്ങളിലെ വ്യാജ ജോലി പെർമിറ്റ് നൽകിയിരുന്നു. തട്ടിപ്പു മനസ്സിലാക്കി പണം തിരികെ ചോദിച്ചവർക്കു വ്യാജ ചെക്ക് നൽകിയും കബളിപ്പിച്ചതായി പരാതിയുണ്ട്. ഇയാൾ കോയമ്പത്തൂർ ശരവണംപട്ടിയിലും സ്ഥാപനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.വിഷ്ണുരാജിനെതിരെ വടക്കഞ്ചേരി പൊലീസിൽ 3 ക്രിമിനൽ കേസുകളും ആലത്തൂർ, കസബ സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

