കുഴൽമന്ദം ∙ കുടുംബം കുറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചു ഭാര്യയെ ഭർത്താവു വെട്ടിക്കൊലപ്പെടുത്തി. മാത്തൂർ പല്ലഞ്ചാത്തനൂർ പൊള്ളപ്പാടം വീട്ടിൽ ഇന്ദിരയാണു (56) വെട്ടേറ്റു മരിച്ചത്.
ഭർത്താവ് വാസുവിനെ (62) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതേമുക്കാലോടെ വാസുവിന്റെ നിലവിളി കേട്ട് ഓടിച്ചെന്ന അയൽക്കാരനും ബന്ധുവുമായ രാജൻ, അടുക്കളഭാഗത്തു രക്തത്തിൽ കുളിച്ചു മരിച്ച നിലയിൽ ഇന്ദിരയെയും തൊട്ടടുത്തു കൊടുവാളുമായി വാസുവിനെയുമാണു കണ്ടത്.
വാസുവിന്റെ കയ്യിൽ നിന്നു കൊടുവാൾ പിടിച്ചുമാറ്റിയ രാജൻ നാട്ടുകാരെ വിളിച്ചു പൊലീസിനെ അറിയിച്ചു. കുഴൽമന്ദം പൊലീസെത്തി വാസുവിനെ കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്ദിരയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് തോലനൂർ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
മക്കൾ: ഭവദാസ്, വിഷ്ണുദാസ്, വിപിൻദാസ്, ഭാവന. മരുമകൻ: രഞ്ജിത്ത്.
കുടുംബം കുറ്റപ്പെടുത്തുന്നു എന്ന തോന്നലിനെത്തുടർന്നായിരുന്നു കൊലപാതകം എന്നു കുഴൽമന്ദം പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി വീട്ടിൽ വാക്കുതർക്കം നടന്നിരുന്നു. ഇന്നലെ രാവിലെ ആൺമക്കൾ ജോലിക്കു പോയ ശേഷം വീണ്ടും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി.
അതിനു ശേഷം അടുക്കളയിലേക്കു പോയ ഇന്ദിരയുടെ പിറകെ കൊടുവാളുമായി ചെന്നു വാസു കഴുത്തിനു പിന്നിൽ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ശരീരത്തിൽ ഇരുപതിലധികം വെട്ടേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പി കെ.ആർ.മനോജ്, സർക്കിൾ ഇൻസ്പെക്ടർ എ.അനൂപ്, സബ് ഇൻസ്പെക്ടർ ശ്യാം ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും എത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

