കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോരമേഖലയിൽ നാട്ടുകാരുടെയും വനംവകുപ്പിന്റെയും കരുതൽ മറികടന്ന് കാട്ടാനയുടെ ‘വിളവെടുപ്പ്’ തുടരുന്നു. കാട്ടാനശല്യം അതിരൂക്ഷമായ മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പാണ് എലിഫന്റ് അലർട്ട്.
ഈ ഗ്രൂപ്പിൽ രാത്രി പതിവായെത്തുന്ന സന്ദേശങ്ങളിലൊന്ന് ‘മൂന്നേക്കർ, മീൻവല്ലം പ്രദേശങ്ങളിൽ പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫുകൾ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
വന്യജീവികളുടെ സാന്നിധ്യം ഉണ്ടായാൽ അറിയിക്കുക’ എന്നത്. നിരീക്ഷണത്തിനായി വനപാലകർ എത്തുന്നുണ്ട്.
വന്യജീവികളുടെ സാന്നിധ്യമറിയിച്ചാൽ അവർ അവിടെയെത്തി ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കാറുമുണ്ട്.
പക്ഷേ, ഇതുകൊണ്ടൊന്നും മുന്നേക്കർ പ്രദേശത്തെ കാട്ടാനശല്യം ഒഴിയുന്നില്ല. അടുത്ത ദിവസങ്ങളായി മൂന്നേക്കർ, മീൻവല്ലം പ്രദേശത്തു കാട്ടാനകളിൽ നിന്നുള്ള അതിക്രമങ്ങൾ അതിരൂക്ഷമായിരിക്കുകയാണ്.
മൂന്നേക്കർ, ചുള്ളിയാംകുളം, ഇടപ്പറമ്പ്, കൂമൻകുണ്ട്, മീൻവല്ലം, മണലി, പാങ്ങ് പ്രദേശങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനകൾ നശിപ്പിച്ച കാർഷികവിളകളുടെ കണക്കെടുക്കുക എളുപ്പമാകില്ല.
തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് പ്രധാനമായും നശിപ്പിച്ചത്. ഈ ദിവസങ്ങളിൽ ഇവിടെ നൂറിലധികം ഫലവൃക്ഷങ്ങളുള്ള തോട്ടങ്ങൾ വരെ ഒറ്റ രാത്രി കൊണ്ടു പൂർണമായി കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.
വൈദ്യുതിവേലികൾ തകർത്തു ജനവാസമേഖലയിലേക്കു പതിവായെത്തുന്ന കാട്ടാനകളെ എങ്ങനെ തുരത്തും എന്ന ആശങ്കയിലാണു വനപാലകരും.
വനാതിർത്തികളിൽ വൈദ്യുതിവേലികൾ സ്ഥാപിക്കാത്ത കരിമല പ്രദേശത്തു നിന്നും മുണ്ടനാട്, ചുള്ളിയാംകുളം ഭാഗങ്ങളിലൂടെയാണു കാട്ടാനകൾ മിക്കവാറും മൂന്നേക്കറിലെത്തുന്നത്. തങ്ങളുടെ ജീവനോപാധിയായ കാർഷികവിളകൾ നിരന്തരം കാട്ടാനകൾ നശിപ്പിക്കുന്നതിനാൽ പ്രദേശത്തെ കർഷകർ നിരാശരും രോഷാകുലരുമാണ്.
പൊതു തിരഞ്ഞെടുപ്പ് അടുത്ത സമയത്തെങ്കിലും വിഷയത്തിൽ അധികാരികളുടെ അടിയന്തര ഇടപെടലുണ്ടാകുമെന്നുള്ള പ്രതീക്ഷയും ഇല്ലാതാക്കുന്ന സ്ഥിതിയിലായി കാര്യങ്ങൾ.
വന്യ മൃഗങ്ങൾക്കു നൽകുന്ന പരിഗണന പോലും അടിസ്ഥാന വിഭാഗമായ കർഷകർക്കു ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

