കാഞ്ഞിരപ്പുഴ ∙ മുണ്ടക്കുന്ന് സ്കൂളിനു സമീപത്തെ അഴുക്കുചാൽ നിർമാണം മന്ദഗതിയിലെന്ന് ആക്ഷേപം. മഴ പെയ്തതോടെ റോഡിൽ വലിയ വെള്ളക്കെട്ട്, ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി.
നവീകരണം പൂർത്തിയാക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം.അമ്പാഴക്കോട്–കാഞ്ഞിരപ്പുഴ റൂട്ടിൽ മുണ്ടക്കുന്ന് സ്കൂളിനു സമീപമാണു വെള്ളക്കെട്ട് കാരണം ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നത്.
റോഡിന്റെ ഇരുവശത്തും അഴുക്കുചാൽ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ ചെറുമഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. വർഷങ്ങളായി നാട്ടുകാരുടെ പ്രശ്നവും ഇതുതന്നെയാണ്.
രണ്ടു സ്കൂളുകളിലേക്കായി നൂറുകണക്കിനു കുട്ടികളും സ്വകാര്യ ബസ് അടക്കം ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
ഏറെ പരാതികളെ തുടർന്നു പൊതുമരാമത്തു വകുപ്പിൽ നിന്ന് 50 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ജൂണിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ഇഴയുകയാണെന്നാണ് ആക്ഷേപം. ചാലുകൾ നിർമിച്ചെങ്കിലും പൂർത്തിയായിട്ടില്ല.
ഇതോടെ മഴ പെയ്താൽ വെള്ളം എങ്ങോട്ടും ഒഴുകി പോകാൻ പറ്റാത്ത സ്ഥിതിയാണ്. വലിയതോതിൽ വെള്ളക്കെട്ടും രൂപപ്പെടും.
മഴ തുടരുന്നതോടെ വെള്ളക്കെട്ടും തുടരുന്നു. റോഡിലെ ദുരിതം ഉടൻ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടു കോൺഗ്രസും രംഗത്തെത്തി.
വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബേബി കണ്ടത്തുകുടി, സക്കീർ താഴത്തേതിൽ, ബഷീർ പഴയപീടിയേക്കൽ, ദീപു മുണ്ടക്കുന്ന് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]