പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ജില്ലയിലെ നഗരസഭാ കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും കലക്ടർക്കു പരാതി നൽകി. പാലക്കാട്, ചിറ്റൂർ–തത്തമംഗലം, ഷൊർണൂർ, മണ്ണാർക്കാട്, പട്ടാമ്പി നഗരസഭകളിലെ 29 വാർഡുകളിലെ കൗൺസിലർമാരും 14 പഞ്ചായത്തുകളിലെ 89 വാർഡുകളിലെ അംഗങ്ങളുമാണു പരാതി നൽകിയിട്ടുള്ളത്.
വിവിധ രാഷ്ട്രീയ നേതാക്കളും പരാതി നൽകിയിട്ടുണ്ട്. വാർഡ് മാറിപ്പോയ പരാതികളാണ് ഏറെയും.
എത്ര പേരുടെ വാർഡ് മാറിപ്പോയെന്ന കണക്ക് ശേഖരിച്ചു വരുന്നതേയുള്ളൂ.
വാർഡ് മാറിയതു കൂടാതെ, ചിലർക്കു വോട്ട് താമസ സ്ഥലത്തു നിന്നു ദൂരെയുള്ള പോളിങ് സ്റ്റേഷനുകളിലേക്കു മാറിയെന്നും പരാതിയുണ്ട്. ഒരു വീട്ടിലെ തന്നെ പലർക്കും പല പോളിങ് സ്റ്റേഷനുകളിലാണു വോട്ട്.
ചിലർക്ക് ഒന്നിൽ കൂടുതൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടുണ്ട്. ചിലരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നും പരാതിയുണ്ട്. വാർഡ് മാറിപ്പോയവരിൽ തിരുത്താൻ ഇതുവരെ ഓൺലൈൻ വഴി അപേക്ഷ നൽകിയതു 64 പേരാണ്.
മറ്റു തിരുത്തലുകളുമായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ പേരും അപേക്ഷ നൽകിയിട്ടുണ്ട്.
അപേക്ഷ നൽകിയാൽ മാത്രം പോര, ഇതിന്റെ പ്രിന്റ് എടുത്ത് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്നിൽ നേരിട്ട് ഹാജരാകുകയും വേണം. സംസ്ഥാനത്തിനു പുറത്തു ജോലി ചെയ്യുന്നവരെയും പ്രവാസികളെയും ഇതു ബാധിക്കും. പട്ടികയിൽ നിന്നു പേരു മാറിയതും പോളിങ് സ്റ്റേഷൻ മാറിയതും ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂവെന്നും കൂടുതൽ പേർ അപേക്ഷ നൽകുമെന്നും രാഷ്ട്രീയ നേതാക്കൾ അറിയിച്ചു. വാർഡുകളും അവയുടെ അതിർത്തിയും കൃത്യമായി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥർ പട്ടിക തയാറാക്കിയതെന്നാണ് ആരോപണം.
പരാതി പരിശോധിക്കും കലക്ടർ
കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികൾ പരിശോധിക്കുമെന്നു കലക്ടർ ജി.പ്രിയങ്ക അറിയിച്ചു.
ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കും. ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
പോളിങ് സ്റ്റേഷൻ അറിയാം
∙ പ്ലേ സ്റ്റോറിൽ നിന്നു വോട്ടർ ഹെൽപ് ലൈൻ (Voter Helpline) എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വോട്ടർ സർവീസ് എന്ന ഭാഗത്തു വോട്ടർ ഐഡിയിലെ EPIC നമ്പർ നൽകി പോളിങ് സ്റ്റേഷൻ അറിയാം
∙ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് EPIC നമ്പർ നൽകി പരിശോധിക്കാം
∙ EPIC എന്നു ടൈപ്പ് ചെയ്തു സ്പേസ് ഇട്ടശേഷം EPIC നമ്പർ നൽകി 1950 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും കണ്ടെത്താം
തെറ്റു തിരുത്താം
വാർഡ്, പോളിങ് സ്റ്റേഷൻ എന്നിവ മാറുകയോ മറ്റു തിരുത്തലുകളോ ഉണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി ഫോം 7ൽ അപേക്ഷ നൽകാം.
പുതുതായി റജിസ്റ്റർ ചെയ്യുന്നവർ ഫോം 4ൽ ആണ് അപേക്ഷ നൽകേണ്ടത്. ഇതിന്റെ പ്രിന്റ് എടുത്ത് തദ്ദേശ സെക്രട്ടറിക്കു നേരിട്ട് നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]