
നാട്യമംഗലം ∙ കടത്തു തോണിയുടെ പൂര്‍വകാല കഥകള്‍ ബാക്കിയാക്കി നാട്യമംഗലത്തെ കടത്തുകാരന് മാണിക്കാക്ക (മമ്മുണ്ണി) വിട പറഞ്ഞു.
ഇരുകരയും മുട്ടി നിറഞ്ഞൊഴുകുന്ന തൂതപ്പുഴയില്‍ നിറയെ ആളുകളുമായി എരിയുന്ന ബീഡിയും കടിച്ചു പിടിച്ചു തോണി തുഴഞ്ഞിരുന്ന പഴയ കാല കടത്തുകാരൻ മാണിക്കാക്കയെക്കുറിച്ചു നാട്ടുകാര്‍ക്ക് പറയാന്‍ ഏറെയുണ്ട്. രണ്ടു ജില്ലയിലെ ജനങ്ങളുടെ കടത്തുകാരനായി മാണിക്കാക്ക ജീവിത കാലം മുഴുവന്‍ കഴിഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലെ കട്ടുപ്പാറ, ഏലംകുളം, നാട്യമംഗലം ഇട്ടക്കടവ്, തോണിക്കടവ് എന്നിവിടങ്ങളിലായിരുന്നു തോണിക്കടത്ത്.
റോഡും പാലവും വരുന്നതിനു മുന്‍പ് കാര്‍ഷിക ഗ്രാമമായ നാട്യമംഗലം, ചുണ്ടമ്പറ്റ, തത്തനംപുള്ളി, പ്രഭാപുരം എന്നീ പ്രദേശങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളുമായി പെരിന്തല്‍മണ്ണയിലെയും മലപ്പുറത്തെയും ചന്തകളിലേക്ക് പുഴ കടന്നു വേണം പോകാന്‍.
മാണിക്കാക്കയുടെ തോണിയിലായിരുന്നു അക്കാലത്ത് യാത്ര. തൂതപ്പുഴയുടെ പാണ്ടിയാട്ട്കടവിലായിരുന്നു പ്രധാനമായും ഇദ്ദേഹം കടത്തുകാരനായി ജോലി ചെയ്തിരുന്നത്.
തൂപ്പുഴയുടെ ഇട്ടക്കടവ്, തോണിക്കടവ്, തിരുനാരാണപുരം എന്നിവിടങ്ങളിലും ഇയാള്‍ തന്നെയാണ് തോണിക്കടത്ത് ലേലം വിളിച്ചെടുത്തിരുന്നത്. പാണ്ടിയാട്ട്കടവില് മാണിക്കാക്കയും മറ്റു കടവുകളില്‍ ബന്ധുക്കളെയും എല്പ്പിക്കും.
പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഇട്ടക്കടവില്‍ പാലം വരുന്നതു വരെയും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തോണിക്കടത്ത് നിലനിന്നിരുന്നു.
വാര്‍ധക്യത്തിന്റെ അവശതയിലും കടത്തു ജോലി ഉപേക്ഷിച്ചില്ല. പാണ്ടിയാട്ട്കടവില് ഏലംകുളത്തേക്കുള്ള യാത്രയ്ക്ക് മാണിക്കാക്കയുടെ തോണി തന്നെ ഇരുകരയിലുമുള്ളവര്‍ക്ക് ആശ്രയം.
കഴിഞ്ഞ 50 വര്ഷഷത്തിലേറെയായി പുഴയുടെ പാണ്ടിയാട്ട് കടവില്‍ മാണിക്കാക്ക തന്നെ കടത്തുകാരന്. കൊറ്റിയതൊടി മമ്മുണ്ണി (80) എന്ന നാട്ടുകാരുടെ പഴയകാല തോണിക്കടത്തുകാരന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒട്ടേറെ പേര് വടക്കുംമുറിയിലെ വീട്ടില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
‘പുഴ പെറ്റ മകനു പ്രണാമം’ എന്ന പേരിലായിരുന്നു ചലച്ചിത്ര നടന് മണികണ്ഠന് പട്ടാമ്പി അനുശോചനം അറിയിച്ചത്.
മഴയും വെയിലും മഞ്ഞും കൊണ്ടു കുടുംബത്തിലെയും നാട്ടിലെയും വിശേഷങ്ങൾ പോലും മാറ്റി വച്ചു ത്യാഗപൂർണമായ ഒരു ജീവിതം അവസാനിച്ചിരിക്കുന്നു’ മണികണ്ഠന് പട്ടാമ്പി തന്റെ എഫ്ബിയില്‍ കുറിവച്ചു. ‘എങ്കിലോ പണ്ട്’ എന്ന മണികണ്ഠന് പട്ടാമ്പിയിടെ പുസ്തകത്തിലെ ഒരു അധ്യായം തന്നെ നാട്യമംഗലത്തുകാരുടെ പഴയ തോണിക്കടത്തുകാരന് മാണിക്കാക്കയെക്കുറിച്ചാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം അന്തരിച്ചത്. നാട്യമംഗലം ജുമാ മസ്ജിദില്‍ സ്നേഹിതരും ബന്ധുക്കളുമായി ഒട്ടേറെ പേരുടെ സാന്നിധ്യത്തില്‍ കബറടക്കം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]