
ഒറ്റപ്പാലം∙ സാങ്കേതികമായി ജില്ല തൃശൂർ ആണെങ്കിലും അതിർത്തിയിലെ പാമ്പാടി, തിരുവില്വാമല, കുത്താമ്പുള്ളി നിവാസികളുടെ ‘ഹോം ടൗൺ’ ഏതെന്നു ചോദിച്ചാൽ ഉത്തരം ഒറ്റപ്പാലം എന്നാണ്. ആശുപത്രി സേവനങ്ങൾ ഉൾപ്പെടെ ഏതാവശ്യത്തിനും ഒറ്റപ്പാലത്തെയാണ് അവർ ആശ്രയിക്കുന്നത്. അതേപോലെ ലക്കിടി, പാലപ്പുറം പോലുള്ള അതിർത്തിപ്രദേശത്തുകാർക്കു പാമ്പാടിയും തിരുവില്വാമലയും കുത്താമ്പുള്ളിയുമെല്ലാം സ്വന്തം ഗ്രാമങ്ങൾ പോലെയാണ്.
ഇങ്ങനെ ഇഴപിരിയാനാകാത്ത ബന്ധം സൂക്ഷിക്കുന്ന ജനതയ്ക്കു മുന്നിലെ ‘വഴിമുടക്കി’യാണു ലക്കിടി റെയിൽവേ ഗേറ്റ്.
ഭാരതപ്പുഴയ്ക്കു കുറുകെ ലക്കിടി, പാമ്പാടി തീരങ്ങളെ ബന്ധിപ്പിച്ചു പാലം വരുന്നതിനും മുൻപുള്ള ആത്മബന്ധത്തിനു മുന്നിലാണു ഗേറ്റ് വിലങ്ങുതടിയാകുന്നത്. പതിറ്റാണ്ടുകൾക്കു മുൻപു പാലം വന്നു ഗതാഗതത്തിനു സൗകര്യമായതോടെ ജനമനസ്സുകളിൽ ജില്ലകളുടെ അതിർവരമ്പുകൾ ഇല്ലാതായി. ആദ്യകാലത്തു ലക്കിടിയിലെ റെയിൽവേ ഗേറ്റ് ഗതാഗതത്തെ അത്രതന്നെ ബാധിച്ചിരുന്നില്ല.
ട്രെയിനുകളുടെ എണ്ണം വർധിച്ച് നിരന്തരം ഗേറ്റ് അടച്ചു തുടങ്ങിയതോടെയാണു യാത്രാദുരിതം ഇരട്ടിയായത്.
ദിവസവും ജോലിക്കും വിദ്യാഭ്യാസത്തിനുമെല്ലാമായി തൃശൂർ ജില്ലാ അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്നു നൂറുകണക്കിനു പേരാണ് ഒറ്റപ്പാലത്തേക്കും ലക്കിടിയിലേക്കുമെല്ലാം എത്തുന്നത്. ഇവരുടെ അടിയന്തര ആശുപത്രി യാത്രകളിൽ പോലും ഗേറ്റ് വില്ലനാകാറുണ്ട്.
എത്ര അത്യാസന്ന നിലയിലാണെങ്കിലും ഗേറ്റ് അടച്ചാൽ അവിടെ കാത്തുകെട്ടിക്കിടക്കണം. ഇങ്ങനെ നിർണായകസമയം നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവൻ പൊലിഞ്ഞവർ പോലുമുണ്ടെന്നു നാട്ടുകാർ പറയുന്നു.
ഹൈസ്കൂളും സ്വാശ്രയ കോളജും ഉൾപ്പെടെ പാമ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളും തിരുവില്വാമലയിലെയും പഴയന്നൂരിലെയും വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരും ലക്കിടി, ഒറ്റപ്പാലം ഭാഗങ്ങളിലും കുറവല്ല.
ജില്ലാ അതിർത്തികളിലെ ജനത ഒറ്റസ്വരത്തിൽ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണു റെയിൽവേ ഗേറ്റ് ഒഴിവാക്കണം. മേൽപാലം വേണം.
കാർഷിക മേഖലയ്ക്കും പ്രതിസന്ധി
ലക്കിടിയിൽ റെയിൽവേ ഗേറ്റിന് അപ്പുറമാണു തീരദേശ റോഡ്.
ഗേറ്റിനു സമീപത്തു നിന്നു തുടങ്ങി ഭാരതപ്പുഴയുടെ തീരത്തു കൂടി ലക്കിടി പേരൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ പുത്തൂർ, അകലൂർ പ്രദേശങ്ങളിൽ എത്താവുന്ന പാത. ഈ ഭാഗത്തെ നൂറുകണക്കിനു കുടുംബങ്ങൾക്കും വലിയ പ്രയാസമാണു റെയിൽവേ ഗേറ്റ് സൃഷ്ടിക്കാറുള്ളത്. തീരദേശപാത വഴി വാഹനങ്ങളിൽ പ്രധാന പാതയിലെത്തുന്നവർക്കു മുന്നിൽ മിക്കപ്പോഴും വഴിമുടക്കിയാകും അടഞ്ഞുകിടക്കുന്ന ഗേറ്റ്.
തീരദേശ പാതയ്ക്കരികിലെ കാർഷിക മേഖലയ്ക്കും റെയിൽവേ ഗേറ്റ് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. പുത്തരിപ്പാടം പാടശേഖരത്തിലേക്കു കാർഷിക യന്ത്രങ്ങളും വളവുമെല്ലാം എത്തിക്കുന്നതിനും കൊയ്തെടുത്ത വിളവ് കർഷകരുടെ വീടുകളിലേക്കു കൊണ്ടുവരാനുമെല്ലാം തുടർച്ചയായ ഗേറ്റ് അടവു ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ടെന്നു കർഷകർ പറയുന്നു.
കൃഷിഭൂമി ഗേറ്റിന് അപ്പുറമാണെങ്കിലും കർഷകർ ഭൂരിഭാഗവും ഗേറ്റിന് ഇപ്പുറമുള്ളവരാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]