
കഞ്ചിക്കോട് ∙ കണ്ണുകൾക്കു ഗുരുതരമായി പരുക്കേറ്റു കാഴ്ചക്കുറവുണ്ടായ ഒറ്റയാൻ പി.ടി.അഞ്ചാമൻ (പാലക്കാട് ടസ്കർ) ചുരുളിക്കൊമ്പനെ കാലാവസ്ഥ അനുകൂലമായാൽ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തന്നെ മയക്കു വെടിവച്ചു ചികിത്സയ്ക്ക് വിധേയമാക്കുമെന്നു വനം വകുപ്പ്. തീയതിയും സ്ഥലവും ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനിച്ചേക്കും.
വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയെ ദൗത്യത്തിനായി എത്തിക്കാനാണു നീക്കം. അദ്ദേഹം ഇപ്പോൾ തൊട്ടിൽപാലം ചൂരണിമലയിലെ അക്രമകാരിയായ കുട്ടിയാനയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ദൗത്യത്തിലാണ്.
ഇതു പൂർത്തിയാക്കിയ ശേഷം ഇവിടെ എത്തുമെന്നാണ് വിവരം. ചികിത്സാ സഹായത്തിനായി വയനാട്ടിൽ നിന്നുള്ള 2 കുങ്കിയാനയെയും എത്തിക്കും.
വാഹനമെത്തിക്കാനുള്ള സ്ഥലവും കിടത്തി ചികിത്സിക്കാനുമുള്ള സ്ഥലവും തീരുമാനിച്ച ശേഷം അടുത്ത ഘട്ട നടപടികളിലേക്കു കടക്കുമെന്ന് വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീൺ പറഞ്ഞു. ആനയെ ചികിത്സിക്കാനായി വെറ്ററിനറി ഡോക്ടർമാരും മയക്കുവെടി വിദഗ്ധരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുത്തി രൂപീകരിച്ച സമിതി ആനയെ നിരീക്ഷിക്കുന്നുണ്ട്.
ഒരാഴ്ചയായി മലമ്പുഴ മാന്തുരുത്തി, കോങ്ങാട്ടുപാടം എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാനു പഴങ്ങളിലൂടെ മരുന്നും നൽകി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പന്നിമട, ഐഐടി വഴിയെത്തിയ ആന ഇന്നലെ പകൽ മുഴുവൻ കഞ്ചിക്കോട് പയറ്റുകാട് ജനവാസ മേഖലയിൽ നിലയുറപ്പിച്ചു. മേഖലയിൽ വലിയ രീതിയിലുള്ള കൃഷിനാശമുണ്ടാക്കി.
5 തെങ്ങുകൾ കുത്തി മറിച്ചിട്ട ഒറ്റയാൻ വ്യാപകമായി നെൽക്കൃഷിയും ചവിട്ടി നശിപ്പിച്ചു.
കൊട്ടാമുട്ടി, കടുകംപള്ളം ക്വാറി എന്നിവിടങ്ങളിലും ആനയെത്തി. ക്വാറിക്കു സമീപമുള്ള നെല്ലിക്കക്കാട്ടിലേക്ക് ആനയെ കയറ്റിയിട്ടുണ്ട്.
കൂടുതൽ ദൂരത്തേക്കു സഞ്ചരിക്കാനും തീറ്റയെടുക്കാനും കഴിയുന്നതിനാൽ ആന പൂർണ ആരോഗ്യവാനാണെന്നാണു വിദഗ്ധ സമിതി പറയുന്നത്. എങ്കിലും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക വെറ്ററിനറി സംഘം പരിശോധിച്ച ശേഷമാകും തുടർ നടപടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]