
പോത്തുണ്ടി ഡാം ഷട്ടർ പ്രശ്നം പരിഹരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെന്മാറ ∙ പോത്തുണ്ടി ഡാം ഇടതു കനാൽ ഷട്ടറിന്റെ തകരാർ പരിഹരിച്ചു. പാലക്കാട് മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷന്റെ നേതൃത്വത്തിൽ ഇരുമ്പ് വടങ്ങളും കപ്പികളും പുള്ളറുകളും ഷട്ടർ വലിക്കുന്ന ഡാമിലെ ക്രെയിനും ഉപയോഗിച്ചു വിദഗ്ധരുടെ നേതൃത്വത്തിലാണു കുടുങ്ങിക്കിടന്ന ഷട്ടർ ഉയർത്തിയത്. ഇതിനായി ജലസേചന വകുപ്പ് 3 ലക്ഷം രൂപയുടെ കരാർ നടപടികൾ മെക്കാനിക്കൽ ഡിവിഷനുമായി പൂർത്തിയാക്കിയിരുന്നു. മഴക്കാലത്ത് ഡാം നിറയുന്നതിനു മുൻപ് ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞത് ആശ്വാസമായി.
കഴിഞ്ഞ വേനലിൽ ഇടതുകര കനാലിലേക്കു നടത്തിയ ജലവിതരണത്തിനിടെയാണു ചാനലിൽ കുടുങ്ങി ഷട്ടറിന്റെ യന്ത്രഭാഗങ്ങൾ വേർപെട്ടു വന്നത്. ഇതുമൂലം ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഡാമിലെ എമർജൻസി ഷട്ടർ ഉപയോഗിച്ചായിരുന്നു ജലവിതരണം ഭാഗികമായി ക്രമീകരിച്ചിരുന്നത്.
ജലനിരപ്പ് ഉയരുന്നു
നെന്മാറ ∙ നേരത്തെ എത്തിയ കാലവർഷം ശക്തിപ്രാപിച്ചതോടെ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയരാൻ തുടങ്ങി. 55 അടി പരമാവധി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 15.02 അടി വെള്ളമുണ്ട്.കഴിഞ്ഞവർഷം ഇതേ ദിവസം 5.97 അടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡാം പ്രദേശത്ത് 98 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നെല്ലിയാമ്പതി മലനിരകളിൽ കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ ഉള്ളതിനാൽ കുണ്ട്റുചോല, മീൻചാടിപ്പുഴ, ചെറുനെല്ലിപ്പുഴ എന്നിവിടങ്ങളിൽ നിന്നു അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.