ചാവടി ∙ സേലം–കൊച്ചി ദേശീയപാതയിൽ കോയമ്പത്തൂർ ചാവടി മേൽപാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ച് മലയാളികളായ യുവ ഫൊട്ടോഗ്രഫർമാരും തമിഴ്നാട് സ്വദേശിയും മരിച്ചു; 4 പേർക്കു പരുക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം ചേരുങ്കാട് ചന്ദ്രന്റെയും കല്യാണിയുടെയും മകൻ അജിത്ത് (25), പിരായിരി പ്രതീക്ഷ നഗറിൽ ഗണേഷിന്റെ മകൻ വിനീഷ് (35) എന്നിവരാണു മരിച്ച മലയാളികൾ.
മരിച്ച തമിഴ്നാട് സ്വദേശിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു കെജി ചാവടി പൊലീസ് അറിയിച്ചു. ഫൊട്ടോഗ്രഫർമാർക്കൊപ്പമുണ്ടായിരുന്ന കാടാങ്കോട് സ്വദേശി സുനിൽ (30), പിരായിരി സ്വദേശി അഭി (25) എന്നിവർക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ടു തമിഴ്നാട് സ്വദേശികൾക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റ തമിഴ്നാട് സ്വദേശികളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്നലെ വൈകിട്ട് 6.50നാണ് അപകടം. ഫൊട്ടോഗ്രഫർമാർ ഊട്ടിയിലെ സ്കൂളിലെ വാർഷികാഘോഷം പകർത്താൻ പോയതായിരുന്നു.
ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തൃശൂരിൽ നിന്നു തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന കാർ പെട്ടെന്ന് മുന്നിലെത്തിയ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി ഡിവൈഡർ മറികടന്ന് കോയമ്പത്തൂർ–പാലക്കാട് ട്രാക്കിലേക്ക് കയറി ഫൊട്ടോഗ്രഫർമാർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ 2 കാറുകളും തലകീഴായി മറിഞ്ഞു. ഉള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ മറ്റു യാത്രക്കാരും ലോറി ജീവനക്കാരും ചേർന്നാണ് വാഹനങ്ങൾ വെട്ടിപ്പൊളിച്ചു പുറത്തെടുത്ത് ആശുപത്രികളിലേക്കു മാറ്റിയത്.
അജിത്തിനെയും തമിഴ്നാട് സ്വദേശിയെയും കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വിനീഷിനെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒൻപതോടെ മൂവരും മരിച്ചു.
പരുക്കേറ്റവരിൽ മലയാളികൾ പാലക്കാട് ജില്ലാ ആശുപത്രിയിലും തമിഴ്നാട് സ്വദേശികൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. മരിച്ച ഇരുവരും ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പാലക്കാട് നോർത്ത് മേഖലയിലെ വെസ്റ്റ് യൂണിറ്റ് അംഗങ്ങളാണ്.
വിനീഷിന്റെ ഭാര്യ പ്രീത. മകൾ: ആദ്യ.
അജിത്തിന്റെ സഹോദരങ്ങൾ: അരുൺദാസ്, അഭിലാഷ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

