
കുളത്തിൽ മുങ്ങിത്താണ കുട്ടിക്ക് രക്ഷയായത് ശോഭനയുടെ ധീരത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടിത്താവളം ∙ വടതോട് കുളത്തിൽ അകപ്പെട്ട മുത്തശ്ശിയെയും ചെറുമകളായ പത്തുവയസ്സുകാരിയെയും രക്ഷിക്കാൻ ശ്രമിച്ച പട്ടഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ പി.ശോഭന ദാസൻ ആ നടുക്കത്തിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. വീട്ടിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നതിനിടെ സമീപത്തെ കുളത്തിൽ നിന്ന് ഒരു കുട്ടിയുടെ നിലവിളി കേട്ട് കുളത്തിനടുത്തേക്ക് ഓടുകയായിരുന്നു. അമ്മൂമ്മ, ഓടി വരിൻ, ഓടി വരിൻ… എന്നു നിലവിളിച്ച് മുങ്ങിത്താഴുന്ന കുട്ടിയെയാണ് ആദ്യം കണ്ടത്. വെപ്രാളത്തിൽ കിട്ടാവുന്ന അയൽക്കാരുടെ പേരുവിളിച്ചു നിലവിളിച്ച് കുളത്തിലേക്ക് എടുത്തുചാടി കുട്ടിയെ തലമുടിയിൽ പിടിച്ചു വെള്ളത്തിൽ നിന്നു കരയ്ക്കെത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കുട്ടി താഴേക്കു പോയെങ്കിലും മുടിയിൽ പിടിച്ചു നീന്തി കരയക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത ശേഷമാണ് നബീസയുടെ വസ്ത്രം വെള്ളത്തിൽ കാണുന്നത്. തുടർന്ന് മുങ്ങിക്കിടന്ന നബീസയെയും മുടിയിൽ പിടിച്ചു വലിച്ചു പുറത്തെടുത്തു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസിയായ അരുണും കുളത്തിൽ ചാടി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. അൽപസമയത്തിനകം നാട്ടുകാരും ഒാടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായെങ്കിലും കുട്ടിയുടെ മുത്തശ്ശിയുടെ ജീവൻ രക്ഷിക്കാനാവാത്തതിന്റെ സങ്കടത്തിലാണു ശോഭന.