ചിറ്റൂർ ∙ കൂരിരുട്ടു പോലും വകവയ്ക്കാതെയുള്ള തിരച്ചിലും കാത്തിരിപ്പും പ്രാർഥനയും ഫലം കണ്ടില്ല. വീട്ടുമുറ്റത്തു നിന്നു കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ നിന്നു കണ്ടെത്തി.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ മകന്റെ മൃതദേഹമാണ് നഗരസഭാ കാര്യാലയത്തിനു പിറകിലുള്ള സ്വകാര്യ കുളത്തിൽ നിന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെ നാട്ടുകാരാണ് കുളത്തിനു നടുവിലായി മൃതദേഹം പൊങ്ങിക്കിടക്കുന്നതു കണ്ടത്.
ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണു സുഹാനെ വീട്ടിൽ നിന്നു കാണാതാകുന്നത്. സഹോദരനുമായി വഴക്കുകൂടുകയും തുടർന്നു വീട്ടിൽ നിന്നു പുറത്തുപോവുകയുമായിരുന്നു.
സുഹാനെ കാണാതായതിനെ തുടർന്ന് മുത്തശ്ശിയും നാട്ടുകാരും ഉടൻ തിരച്ചിൽ ആരംഭിച്ചു.
വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും അഗ്നിരക്ഷാസേനയും എത്തി തിരച്ചിൽ ഊർജിതമാക്കി. സമീപത്തെ കുളത്തിൽ ഉൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് രാത്രി 8 മണിയോടെ അഗ്നിരക്ഷാസേന മടങ്ങിയെങ്കിലും പൊലീസും നാട്ടുകാരും ബന്ധുക്കളും പുലരുവോളം തിരച്ചിൽ തുടർന്നു. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ഇന്നലെ രാവിലെ 7 മണിയോടെ അഗ്നിരക്ഷാ സേനയെത്തി വീണ്ടും തിരച്ചിൽ ആരംഭിച്ചു. അതിനിടെയാണ് വീട്ടിൽ നിന്ന് 800 മീറ്റർ അകലെ ജലസേചന വകുപ്പ് ഓഫിസിനു സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും പൊലീസ് പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് സഹോദരനും ബന്ധുക്കളായ കുട്ടികൾക്കും ഒപ്പം സുഹാൻ നഗരസഭാങ്കണത്തിലുള്ള പാർക്കിൽ പോയിരുന്നു. ആ ഓർമയിൽ അങ്ങോട്ട് പോകുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാനാണു സാധ്യതയെന്നാണു പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സുഹാൻ പഠിക്കുന്ന അമ്പാട്ടുപാളയത്തെ റോയൽ ഇന്ത്യൻ നഴ്സറി സ്കൂളിൽ പൊതുദർശനം നടത്തി. തുടർന്ന് എരുമൻകോട്ടെ വീട്ടിലെത്തിച്ചു.
വൈകിട്ടു 3 മണിയോടെ നല്ലേപ്പിള്ളി മാട്ടുമന്ത ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി. സഹോദരൻ: റയാൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

