
പാലക്കാട് ∙ നാടെങ്ങും ഗണേശസ്തുതികൾ, ആനന്ദച്ചുവടുകൾ തീർത്തു ഭക്തർ, അനുഗ്രഹ വർഷം പോലെ ചാറ്റൽ മഴ, ആയിരത്തെട്ടു ഭാവങ്ങളിലായി നിരനിരയായി തലയെടുപ്പോടെ ഗണേശ വിഗ്രഹങ്ങൾ. കണ്ടിട്ടും മതിവരാതെയുള്ള ഗണേശ വിഗ്രഹ നിമജ്ജന ശോഭായാത്ര നാട് കണ്ടു തൊഴുതു.
ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂത്താന്തറ കണ്ണകി ക്ഷേത്ര പരിസരത്തു നിന്നു പൂജകൾക്കു ശേഷം ആനയൂട്ട്, പ്രസാദ വിതരണം ചടങ്ങുകൾ നടന്നു.
തുടർന്ന് പകൽ രണ്ടോടെ ശോഭായാത്ര ആരംഭിച്ച് മേലാമുറി പച്ചക്കറി മാർക്കറ്റിനു സമീപത്തെത്തി. മറ്റിടങ്ങളിൽ നിന്നെത്തിയ ചെറു ശോഭായാത്രകൾ ഇവിടെ ഒത്തുചേർന്നു വലിയങ്ങാടി വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തുള്ള സിന്ധൂർ സംഗമ വേദിയിലെത്തി.
തുടർന്നു നടന്ന സമ്മേളനം ബിജെപി തമിഴ്നാട് ഉപാധ്യക്ഷ ഖുശ്ബു ഉദ്ഘാടനം ചെയ്തു.
ഗണേശോത്സവ കമ്മിറ്റി പ്രസിഡന്റ് ഡി.സുദേവൻ അധ്യക്ഷനായി. ആർഎസ്എസ് നേതാവ് എൻ.ആർ.മധു പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.മുരളീധരൻ, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ, ആർഎസ്എസ് വിഭാഗ് കാര്യവാഹ് കെ.സുധീർ, സി.മധു, എ.ജെ.ശ്രീനി, എം.ശിവഗിരി, കെ.ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
നഗരസഭാധ്യക്ഷയെ ക്ഷണിച്ചില്ലെന്ന് വിവാദം
പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരനെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്നു വിവാദവും ഉയർന്നു.
ഇവർ സ്ഥലത്തുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെ ആർഎസ്എസ് നേതാവ് കെ.സുധീർ ഇടപെടുകയും നഗരസഭാധ്യക്ഷയെ വേദിയിൽ എത്തുകയും ചെയ്തു.
ഉദ്ഘാടനത്തിനു ശേഷം ശോഭായാത്ര പുറപ്പെട്ട് ജിബി റോഡ്, സുൽത്താൻപേട്ട ജംക്ഷൻ–ഹെഡ്പോസ്റ്റ് ഓഫിസ്, വിക്ടോറിയ കോളജ്.
ശേഖരീപുരം–അയ്യപുരം വഴി കൽപാത്തിപ്പുഴയിലെത്തി ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തു. മൂന്നൂറോളം വിഗ്രഹങ്ങളാണ് ശോഭായാത്രയിൽ എത്തിയത്.
ഗണേശോത്സവം നിമജ്ജന ഘോഷയാത്ര: ഒറ്റപ്പാലത്ത് ഇന്ന് ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം ∙ താലൂക്ക് ഗണേശ സേവാസമിതി നഗരം കേന്ദ്രീകരിച്ചു നടത്തുന്ന ഗണേശോത്സവത്തിന്റെ നിമജ്ജന മഹാഘോഷയാത്രയും പൊതുസമ്മേളനവും പരിഗണിച്ച് ഇന്നു പാലക്കാട് – കുളപ്പുള്ളി പാതയിൽ ഗതാഗത നിയന്ത്രണം.
ഉച്ച കഴിഞ്ഞു 3 മുതൽ രാത്രി 10 വരെയാണു നിയന്ത്രണമുണ്ടാകുക എന്നു പൊലീസ് അറിയിച്ചു.
പാലക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മംഗലത്തു നിന്നു തിരിഞ്ഞു മുളഞ്ഞൂർ, മുരുക്കുംപറ്റ, വരോട്, കോതകുറുശി വഴി വാണിയംകുളത്തേക്കു പോകണം. കുളപ്പുള്ളി ഭാഗത്തു നിന്നു പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയംകുളത്തു നിന്നു തിരിഞ്ഞ് ഇതേവഴി മംഗലത്തെത്തി യാത്ര തുടരണമെന്നു പൊലീസ് അറിയിച്ചു.
മായന്നൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പാലം പരിസരത്തെ ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തിരിഞ്ഞുപോകണം. പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹനങ്ങളെ അനുമതിയില്ലാതെ പ്രധാന പാതയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പാതയോരങ്ങളിലെ പാർക്കിങ്ങിനും വിലക്കുണ്ട്.
പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്കു നിയന്ത്രണം ബാധകമല്ലെന്നു പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞു മേഖലയിലെ 10 പഞ്ചായത്തുകളിൽ നിന്നും ഒറ്റപ്പാലം നഗരസഭയിൽ നിന്നുമായെത്തുന്ന ഘോഷയാത്രകൾ കണ്ണിയംപുറം ഊട്ടുപുര ക്ഷേത്ര പരിസരത്തു സംഗമിച്ച ശേഷം മഹാഘോഷയാത്രയായി പൊതുസമ്മേളന വേദിയിലേക്കു പുറപ്പെടും. നഗരസഭാ ബസ് സ്റ്റാൻഡിലെ വേദിയിൽ 3.30ന് ആണു പൊതുസമ്മേളനം. ഇതിനു ശേഷം വൈകിട്ട് ഗണേശ വിഗ്രഹങ്ങൾ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്യുന്നതോടെയാണ് ഉത്സവത്തിനു സമാപനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]