
വടകരപ്പതി ∙ ഒന്നര പതിറ്റാണ്ടായി നാട്ടുകാർ ഉപയോഗിക്കുന്ന ശ്മശാനം ഉഴുതുമറിച്ചതായി പരാതി. പഞ്ചായത്തിലെ എലിപ്പാറയിലുള്ള ശ്മശാനഭൂമി സംബന്ധിച്ചാണു നാട്ടുകാരും സ്വകാര്യവ്യക്തിയും തമ്മിൽ തർക്കം.
2008 മുതൽ എലിപ്പാറ ലക്ഷം വീട്, കണക്കൻകളം, എരുമൻകളം ഗ്രാമങ്ങളിലുള്ള നൂറ്റൻപതോളം വീട്ടുകാർ മൃതദേഹം സംസ്കരിക്കാൻ ആശ്രയിച്ചിരുന്ന ഭൂമിയാണിത്. ഇവിടെ അൻപതോളം മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുമുണ്ട്.
എലിപ്പാറ സ്വദേശിയുടെ പക്കൽ നിന്ന് 2008ൽ ഈ 3 ഗ്രാമവാസികൾ ചേർന്നു പണം പിരിച്ചെടുത്തു വാങ്ങിയ പത്തര സെന്റ് ഭൂമിയാണിതെന്നാണു നാട്ടുകാർ പറയുന്നത്.
അന്ന് ഒരു ലക്ഷം രൂപയിലധികം നൽകി കരാർ എഴുതിയിരുന്നതാണ്. എന്നാൽ, ഭൂമിയുടെ രേഖകൾ സഹകരണബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണെന്നു നാട്ടുകാർക്കു പിന്നീടാണു മനസ്സിലായത്. ഭൂമിയുടെ പട്ടയം നാട്ടുകാരുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകാൻ പലതവണ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ, ബാങ്കിൽ നിന്നു പട്ടയം തിരിച്ചെടുത്തിട്ടില്ലെന്നും എടുത്ത ഉടൻ റജിസ്റ്റർ ചെയ്തു നൽകാമെന്നുമാണ് ഉടമ അറിയിച്ചത്.അതിനിടെ ഉടമ മരിച്ചു.
അതിനുശേഷം അവരുടെ ഭാര്യയോടും ഇക്കാര്യം പറഞ്ഞു. അവരും അനുകൂല മറുപടിയായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, ആഴ്ചകൾക്കു മുൻപ് മൃതദേഹം സംസ്കരിക്കാനെത്തിയപ്പോൾ ഉടമയുടെ ഭാര്യ തടയുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ശേഷം നേതാക്കളും മറ്റും ഇടപെട്ട് അന്നു സംസ്കാരം നടത്തി.
എന്നാൽ, കഴിഞ്ഞ ദിവസം ഈ ഭൂമി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്നു.
ഇതു ചോദ്യം ചെയ്തപ്പോൾ സെന്റിനു 2 ലക്ഷം രൂപ തന്നാൽ മാത്രമേ റജിസ്റ്റർ ചെയ്തു നൽകൂ എന്നായിരുന്നു അവരുടെ മറുപടിയെന്നും നാട്ടുകാർ പറഞ്ഞു. അന്നത്തെ കരാർ പ്രകാരം നൽകാനുള്ള ബാക്കി തുക നൽകാൻ തയാറാണെന്നും തങ്ങളുടെ പൂർവികരെ അടക്കം ചെയ്ത മണ്ണാണിതെന്നും അത് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
ഇതു സംബന്ധിച്ചു മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]