
ഒറ്റപ്പാലം∙ തൃശൂർ ജില്ലാതിർത്തിയിൽ ഭാരതപ്പുഴ പാലത്തോടു ചേർന്നാണു ലക്കിടി റെയിൽവേ ഗേറ്റ്. പാലക്കാട് – തൃശൂർ അതിർത്തിയിലെ സ്ഥിരം ‘വഴിമുടക്കി’യെന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാവുന്ന ലെവൽ ക്രോസ്.
ഒരു ദിവസം ശരാശരി 100 തവണയെങ്കിലും വഴിമുടക്കുന്ന ഗേറ്റ് എന്ന് ഇല്ലാതാകും? റെയിൽവേ മേൽപാലമെന്ന നാടിന്റെ സ്വപ്നം എന്നു പൂവണിയും? ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിനു യാത്രക്കാരുടെ സംശയങ്ങളാണിത്.
ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിന്നു ലക്കിടി വഴി തൃശൂർ ജില്ലയിലേക്കും തിരികെയുമായി കടന്നുപോകുന്ന വാഹനങ്ങൾക്കു ഗേറ്റിൽ കുരുങ്ങാതെ സുഗമമായി യാത്ര തുടരാൻ ഭാഗ്യം വേണമെന്നാണു നാട്ടുകാരുടെ സാക്ഷ്യം. ട്രെയിൻസമയം കണക്കാക്കി യാത്ര പുറപ്പെട്ടാൽ പോലും ചരക്കുവണ്ടികൾ വന്നു വഴിമുടക്കിയേക്കാം.ഒരു ദിവസം ശരാശരി 100 ട്രെയിനുകളോളം (ചരക്കുവണ്ടികൾ ഉൾപ്പെടെ) കടന്നുപോകുന്ന ഇവിടെ അത്രയും തവണ ഗേറ്റ് അടയ്ക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യും.
ഇതിൽ നാൽപതോളം ട്രെയിനുകൾ റോഡിൽ തിരക്കേറിയ പകൽ സമയത്തു കടന്നുപോകുന്നവയാണ്.
ഓരോ തവണയും ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നിര മീറ്ററുകളോളം നീളും.ചിലപ്പോൾ ഗേറ്റ് അടച്ചാൽ 2 ട്രെയിനുകൾ കടന്നുപോയിട്ടാകും തുറക്കുക. അത്രയും നേരം വാഹനങ്ങൾ വരിയിൽ കുരുങ്ങും.
സ്വകാര്യ ബസുകളും ബൈക്കുകളും മുതൽ ആംബുലൻസുകൾ വരെ ഏറെനേരം കാത്തുകെട്ടിക്കിടക്കാറുണ്ട്. ഗേറ്റ് തുറന്ന ശേഷമുള്ള വാഹനങ്ങളുടെ പാച്ചിൽ അപകടഭീഷണിയും ഉയർത്തുന്നു.
ആംബുലൻസുകളും കുടുങ്ങുന്നു
ലക്കിടി റെയിൽവേ ഗേറ്റും പാലവും പിന്നിട്ടാൽ ഭാരതപ്പുഴയുടെ പാമ്പാടി തീരത്താണ് ഐവർമഠം ശ്മശാനം.
ഉറ്റവരുടെ മൃതദേഹങ്ങളുമായി ആംബുലൻസുകളിൽ പോകുന്നവരും ഗേറ്റിൽ കുടുങ്ങുന്നതു പതിവാണ്.ഒറ്റപ്പാലം, പത്തിരിപ്പാല, ചെർപ്പുളശ്ശേരി, കോങ്ങാട് മേഖലകളിൽ നിന്നു മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുമെല്ലാം ലക്കിടി വഴിയാണു മൃതദേഹങ്ങളുമായി ആംബുലൻസുകൾ എത്താറുള്ളത്. പകൽ ഓരോ തവണ ഗേറ്റ് അടയ്ക്കുമ്പോഴും ഒരു ആംബുലൻസെങ്കിലും വരിയിൽ കുരുങ്ങിക്കിടക്കുന്നതു കാണാം.ശ്മശാനത്തിൽ മൃതദേഹം ഇറക്കിയ ശേഷം മറ്റ് ആശുപത്രി ആവശ്യങ്ങൾ ലക്ഷ്യം വച്ചു സമയം കയ്യിൽപ്പിടിച്ചു തിരിച്ചു പായുമ്പോഴും ആംബുലൻസുകൾ ഗേറ്റിൽ കുടുങ്ങാറുണ്ട്.
ബസുകൾക്കും ദുരിതയാത്ര
ലക്കിടി റെയിൽവേ ഗേറ്റ് വഴി ദിവസവും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അറുപതിലേറെ.
ബസുകളിൽ മാത്രം ഇതുവഴി യാത്ര ചെയ്യുന്നത് ആയിരക്കണക്കിനു പേർ. സ്വകാര്യ, ടാക്സി വാഹനങ്ങളാണെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി.ഒറ്റപ്പാലത്തു നിന്നു പുറപ്പെടുന്ന തിരുവില്വാമല, കുത്താമ്പുള്ളി, പഴയന്നൂർ, പഴമ്പാലക്കോട്, ചേലക്കര, തൃശൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ അങ്ങോട്ടും ഇങ്ങോട്ടും സർവീസ് നടത്തുന്ന റൂട്ടാണിത്.
ഇതിൽ ഹ്രസ്വദൂര സർവീസുകാർ ദിവസവും പലവട്ടം ഗേറ്റ് അടവിന്റെ ദുരിതം അനുഭവിക്കണം.
ബസുകൾ അപ്രതീക്ഷിതമായി ഗേറ്റിൽ കുരുങ്ങിയാൽ പിന്നെ സമയനിഷ്ട പാലിക്കാൻ അമിത വേഗം വേണ്ടിവരും.
കെഎസ്ആർടിസി ബസുകൾ നാമമാത്രമായ റൂട്ടാണിത്. റോഡിനു താരതമ്യേന മികച്ച നിലവാരമുണ്ടെങ്കിലും ഇവിടെ റെയിൽവേ ഗേറ്റാണു ശാപം.തിരുവില്വാമലക്കാർക്ക് ഒറ്റപ്പാലത്തെത്താൻ കഠിനയാത്ര: അതെക്കുറിച്ചു നാളെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]