
ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ട്; ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം ∙ പതിറ്റാണ്ടു മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട മിനി സിവിൽ സ്റ്റേഷനിൽ ഇതുവരെ ഒരു ദിവസം പോലും പ്രവർത്തിക്കാത്ത ലിഫ്റ്റ് പ്രവർത്തനക്ഷമമാകുന്നു. ഔദ്യോഗിക നടപടികൾ കൂടി പൂർത്തിയായാൽ ലിഫ്റ്റ് പ്രവർത്തിച്ചു തുടങ്ങും.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും നേതൃത്വത്തിലാണു ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കിയത്. നാലാം നിലയ്ക്ക് അഗ്നിരക്ഷാ സേനയുടെ എൻഒസി നേടാനുള്ള നടപടിയാണ് ഇനി പൂർത്തിയാകാനുള്ളത്.
പുരോഗതി സംബന്ധിച്ചു റവന്യു വകുപ്പ് പ്രത്യേക യോഗം ചേരും.ഇതിനു മുന്നോടിയായാണു പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സ്ഥലത്തെത്തി സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയതും നിസ്സാരമായ ചില പ്രശ്നങ്ങൾ പരിഹരിച്ചതും. ലിഫ്റ്റിന് കാര്യമായ കേടുപാടുകളില്ലെന്നും പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയതായി റവന്യു അധികൃതർ അറിയിച്ചു. 2014 മേയിലായിരുന്നു കണ്ണിയംപുറത്തെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം. അതിവേഗം നിർമാണം പൂർത്തിയാക്കിയ കെട്ടിടം ലിഫ്റ്റ് സൗകര്യം കൂടാതെയാണ് ഉദ്ഘാടനം ചെയ്തത്.
ദിവസങ്ങൾക്കകം ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുമെന്നായിരുന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പ്. പ്രഖ്യാപനത്തിന് ഒരു പതിറ്റാണ്ട് പൂർത്തിയായപ്പോഴും പരിഹാരമായില്ല. കെട്ടിടത്തിലെ സർക്കാർ ഓഫിസുകളിൽ വിവിധ സേവനങ്ങൾ തേടിയെത്തുന്ന മുതിർന്നവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണു ദിവസവും ചവിട്ടുപടികൾ കയറി വലയുന്നത്. വിവിധ നിലകളിലായി ആകെ 14 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണു ലിഫ്റ്റ് ഇല്ലാത്ത സാഹചര്യം. കെ.പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നാണു ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ നടപടി തുടങ്ങിയത്.