പാലക്കാട് ∙ തർക്കമുള്ളിടത്തെല്ലാം സിപിഎം ടി.എം.ശശിയെ നിയോഗിക്കും. പാർട്ടി ദൗത്യം ഏറ്റെടുത്തു കൃത്യമായ പ്രശ്നപരിഹാരം ശശിയുടെ ഭാഗത്തു നിന്നുണ്ടാകും.
ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വരെ എത്തിയ ശശിയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആദ്യമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെത്തിയ നാൽപത്തിയഞ്ചുകാരൻ ആദ്യ തവണ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. ശശിയുടെ രാഷ്ട്രീയ ബയോഡേറ്റ പരിശോധിച്ചാൽ വടക്കഞ്ചേരി, മണ്ണാർക്കാട് ഏരിയ സെക്രട്ടറി എന്ന ചുമതല കാണാം.
ഒട്ടും ബന്ധമില്ലാത്ത ഈ രണ്ടിടങ്ങളിലും ശശിയെ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചതു പ്രശ്നപരിഹാരത്തിനാണ്.നേരത്തെ വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും തർക്കങ്ങളും മുറുകിയപ്പോൾ അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ ശശിക്ക് ഏരിയ സെക്രട്ടറി ചുമതല നൽകുകയായിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഏരിയ സമ്മേളനം പൂർത്തിയാക്കി പുതിയ സെക്രട്ടറിക്കു ചുമതല നൽകി.പി.കെ.ശശിയുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിലെ പ്രശ്നങ്ങൾ കേരളമാകെ ചർച്ചയായപ്പോൾ ശശിയെ മണ്ണാർക്കാട് ഏരിയ സെക്രട്ടറിയായി നിയോഗിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്.
അവിടെ ക്യാംപ് ചെയ്തു പ്രശ്നങ്ങൾ ഒതുക്കി ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ള പുതിയ സെക്രട്ടറിക്കു ചുമതല നൽകി. നേരത്തെ പി.കെ.ശശിയെ അദ്ദേഹം വഹിച്ചിരുന്ന ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയപ്പോൾ ആ സ്ഥാനം വഹിച്ചത് ടി.എം.ശശിയാണ്.കെ.പ്രേംകുമാർ നിയമസഭാംഗമായതിനു ശേഷം രാജിവച്ച സ്പോർട്സ് കൗൺസിലിൽ പിന്നീട് പ്രസിഡന്റായി എത്തിയത് ടി.എം.ശശി ആയിരുന്നു.
മുടപ്പല്ലൂർ തെക്കുംഞ്ചേരി സ്വദേശിയായ ശശി രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് എസ്എഫ്ഐയിലൂടെ. ഡിവൈഎഫ്ഐയിൽ മുടപ്പല്ലൂർ വില്ലേജ് പ്രസിഡന്റിൽ നിന്നു തുടങ്ങി സംഘടനയുടെ ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായി.
സിപിഎമ്മിലാണെങ്കിൽ തെക്കുംഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നു തുടങ്ങി പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ വരെ എത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ എത്തിയ അപൂർവം പേരിൽ ഒരാളാണ് ശശി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് മർദനവും ജയിൽവാസവുമെല്ലാം ഉണ്ടായി.
എതിരാളികളിൽ നിന്നുള്ള ഭീഷണികൾ പലപ്പോഴും നേരിട്ടു. പല്ലശ്ശന ഡിവിഷനിൽ നിന്നു ശശിയെ മത്സരിപ്പിക്കുമ്പോൾ തന്നെ ജയിച്ചാൽ പ്രസിഡന്റാക്കുമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. 12 സീറ്റുകളും മികച്ച യുവനിരയുമായി ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് യുഡിഎഫ് ശക്തമായി തിരിച്ചുവന്ന സാഹചര്യത്തിൽ മികച്ച പ്രകടനം ശശിക്കു കാഴ്ചവയ്ക്കാൻ കഴിയുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശശിയെ ഉറച്ചകോട്ടകളിൽ മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാനും തയാറായേക്കുമെന്നു സൂചനയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

