
വീടുകളിലേക്കുള്ള ചവിട്ടുപടികൾ പൊളിച്ചുനീക്കി; അയൽക്കാരുടെ വഴിയടച്ച് റെയിൽവേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം∙ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നു 2 വീടുകളിലേക്കുള്ള ചവിട്ടുപടികൾ റെയിൽവേ പൊളിച്ചുനീക്കി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ഉപ്പാമൂച്ചിക്കൽ അമൽ മനോജിന്റെ വീടുകളിലേക്കുള്ള വഴിയാണു മുന്നറിയിപ്പു കൂടാതെ റെയിൽവേ നീക്കിയത്. റെയിൽവേ ലൈൻ പരിസരത്തു നിന്നു താഴേക്കുള്ള കോൺക്രീറ്റ് പടികളാണു റെയിൽവേ യന്ത്രസഹായത്തോടെ പൊളിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണു നടപടിയെന്നാണു വിവരം. നിലവിൽ വലിയ വീട്ടിൽ താമസമില്ലെങ്കിലും ഇതിനോടു ചേർന്ന ചെറിയ വീട്ടിൽ വാടകക്കാരുണ്ട്. പോണ്ടിച്ചേരി സ്വദേശികളായ തൊഴിലാളി കുടുംബത്തിനു നടക്കാൻ പോലും വഴിയില്ലാതായി.
വീടുകളുടെ ഒരു വശത്തു ഭാരതപ്പുഴയും മറുവശത്തു റെയിൽപ്പാളവുമായതിനാൽ മറ്റു വഴികളില്ല. റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തു ട്രാക്കിൽ നിന്ന് ഏറെ താഴ്ചയിലാണു വീടുകൾ. കഴിഞ്ഞ ദിവസമാണു മണ്ണുമാന്തിയന്ത്രം എത്തിച്ചു റെയിൽവേയുടെ കരാറുകാർ ചവിട്ടുപടികൾ പൊളിച്ചുനീക്കിയത്. പടികൾ റെയിൽവേ ഭൂമിയിലാണെങ്കിലും വർഷങ്ങളായി ഉപയോഗിക്കുന്ന വഴി എന്ന നിലയിൽ നോട്ടിസ് പോലും നൽകിയിട്ടില്ല. പുഴയോരത്തായതിനാൽ 2018, 2019 വർഷങ്ങളിലെ പ്രളയത്തിലും 2024ലെ കനത്ത മഴയിലും ഇവിടെ വെള്ളം കയറിയിരുന്നു. പ്രളയങ്ങൾക്കു ശേഷം കുടുംബം കണ്ണിയംപുറത്തെ ഫ്ലാറ്റിലേക്കു താമസം മാറിയതോടെയാണു വലിയ വീട് പൂട്ടിയിട്ടത്. എങ്കിലും ഇടയ്ക്കു വീട്ടിൽ തങ്ങാറുണ്ട്. അതിഥികൾ എത്തുമ്പോൾ താമസം ഒരുക്കാറുള്ളതും ഇവിടെയാണെന്നു കുടുംബം പറയുന്നു. ഒരാൾക്കു നടക്കാനുള്ള വഴിയെങ്കിലും പുനഃസ്ഥാപിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണിവർ.