മണ്ണാർക്കാട്∙ തത്തേങ്ങലത്ത് കടുവയിറങ്ങി പശുക്കുട്ടിയെ കൊന്ന സംഭവത്തിനു പിന്നാലെ ഭീഷണിയായി കാട്ടാനക്കൂട്ടവും. ശനിയാഴ്ച രാത്രി ഇറങ്ങിയ ആനക്കൂട്ടം വ്യാപകമായി റബർ മരങ്ങൾ നശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് തത്തേങ്ങലം ധാന്യങ്കാട്ടിൽ കടുവ ഇറങ്ങി മേലേതിൽ ബഷീറിന്റെ പശുക്കുട്ടിയെ കൊന്നത്. ബഷീറിന്റെ കൺമുന്നിലായിരുന്നു സംഭവം.
കടുവ ഇറങ്ങിയതിന്റെ ഭീതി മാറും മുൻപാണ് ധാന്യങ്കാടിനു സമീപത്തെ റബർ തോട്ടത്തിൽ ആനക്കൂട്ടം എത്തിയത്.
നബീലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ആനകൾ എത്തിയത്. ടാപ്പ് ചെയ്യുന്ന മരങ്ങളുടെ തൊലി പൂർണമായും പൊളിച്ചുതിന്ന അവസ്ഥയിലാണ്.
ചില മരങ്ങൾ ഒടിച്ചിടുകയും ചെയ്തിട്ടുണ്ട്. റബറിന്റെ തൊലി പൂർണമായും പൊളിച്ചതിനാൽ ടാപ്പിങ്ങിനു കഴിയില്ല. 65 മരങ്ങളുടെ തൊലി പൂർണമായും ആനകൾ പൊളിച്ചു.
പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടി പ്ലാന്റേഷൻ റീ പ്ലാന്റ് ചെയ്തതോടെ ആനമൂളി മുതൽ തത്തേങ്ങലം കരിമൻകുന്ന് വരെ വൈദ്യുത വേലി സ്ഥാപിച്ചു.
ഇതോടെ വന്യമൃഗങ്ങൾക്ക് കാടിറങ്ങാനുള്ള വഴി തത്തേങ്ങലമായി. ആന, കടുവ, പുലി, കരടി, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ തത്തേങ്ങലത്ത് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതു പതിവായി.
എട്ട് വർഷം മുൻപ് ഈ പ്രദേശത്ത് മൂന്ന് കിലോമീറ്റർ വൈദ്യുത വേലി സ്ഥാപിക്കാൻ എൻ.ഷംസുദ്ദീൻ എംഎൽഎ തുക അനുവദിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ നടത്തിപ്പ് വനംവകുപ്പ് ഏറ്റെടുത്തെങ്കിലും ഇതുവരെ വേലി സ്ഥാപിച്ചിട്ടില്ല.
കടുവയെ അടിയന്തരമായി കൂടു വച്ച് പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

