പാലക്കാട് ∙ സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയോടു കെട്ടിടം ഒഴിയാൻ നഗരസഭ നോട്ടിസ് നൽകിയ വിഷയത്തിൽ നഗരസഭ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ചു പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാൻ കലക്ടർ എം.എസ്.മാധവിക്കുട്ടി ആർഡിഒയോടു നിർദേശിച്ചു.
ആർഡിഒ കെ.മണികണ്ഠൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കലക്ടറുടെ ഇടപെടൽ. അതേസമയം, ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിന്റെ ഭാഗമായി ലൈബ്രറി കെട്ടിടം പൊളിക്കാൻ നിർദേശിച്ചതു വിവാദമായതോടെ
പുസ്തകം മാറ്റാനുള്ള സാവകാശം കണക്കാക്കി 30 ദിവസത്തേക്ക് കെട്ടിടം പൊളിച്ചുമാറ്റരുതെന്ന് നഗരസഭാ സെക്രട്ടറിക്ക് അധ്യക്ഷ പ്രമീള ശശിധരൻ നിർദേശം നൽകി.എഴുപതിനായിരത്തോളം പുസ്തകങ്ങളും ഫർണിച്ചറുകളുമുള്ള ലൈബ്രറി പെട്ടെന്ന് ഒഴിഞ്ഞു കൊടുക്കൽ ബുദ്ധിമുട്ടാകുമെന്നാണ് ആർഡിഒ നൽകിയ റിപ്പോർട്ടിലുള്ളത്.
പുസ്തകങ്ങൾ മാറ്റാൻ മതിയായ സമയവും സൗകര്യവും വേണം. ഏറെ ഗുണകരരമായ വായനശാല തുടർന്നു പ്രവർത്തിക്കാൻ വേണ്ട
ഇടപെടൽ വേണമെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, 25 വർഷമായി പാലക്കാട് പബ്ലിക് ലൈബ്രറി അധികൃതർ വാടക അടക്കുന്നില്ലെന്നും ലൈസൻസ് പുതുക്കിയിട്ടില്ലെന്നും നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ പറഞ്ഞു. ലൈബ്രറി കെട്ടിടം ഉൾപ്പെടെ സുൽത്താൻപേട്ട
കോംപ്ലക്സിലെ 17 മുറികളിൽ ആരും നഗരസഭയുമായി കരാർ പുതുക്കിയിട്ടില്ല. കെട്ടിടത്തിന്റെ ബലക്ഷയവും വാടകക്കാരുടെ വീഴ്ചകൾ കണക്കിലെടുത്തുമാണ് നഗരസഭ കൗൺസിൽ ആ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.
മേയിൽ അറിയിപ്പു നൽകിയിട്ടും പകരം സ്ഥലം കണ്ടെത്തുവാൻ ലൈബ്രറി അധികൃതർ ശ്രമിച്ചില്ലെന്നാണ് മനസിലാക്കേണ്ടത്.
കെട്ടിടം പൊളിക്കുന്നതിന് ഒരുമാസം സമയം നൽകിയെങ്കിലും ബലക്ഷയം മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ ലൈബ്രറി അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും മുന്നറിയിപ്പു നൽകി.
‘തീരുമാനം പിൻവലിക്കണം’
പാലക്കാട് ∙ സുൽത്താൻപേട്ടയ്ക്കു സമീപം പ്രവർത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്നു ജില്ലാ ലൈബ്രറി കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. സി.പി.ചിത്രഭാനു അധ്യക്ഷനായി.
ലൈബ്രറി മാറ്റിസ്ഥാപിക്കാൻ നിർദേശിച്ച ഭരണസമിതി ബദൽ സംവിധാനത്തെ കുറിച്ചു മൗനം പാലിക്കുകയാണെന്നും ആരോപിച്ചു. സെക്രട്ടറി കെ.എൻ.സുകുമാരൻ, വി.കെ.ജയപ്രകാശ്, സി.വിജയൻ, കെ.എസ്.ലക്ഷ്മണൻ, കെ.ജയകൃഷ്ണൻ, എം.കെ.പ്രദീപ്, വി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ശക്തമായി സമരം ചെയ്യും
പാലക്കാട് ∙ എഴുപതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള സുൽത്താൻപേട്ട
പബ്ലിക് ലൈബ്രറി കെട്ടിടം നിലനിന്നു പോകേണ്ടത് പാലക്കാടിന്റെ സാംസ്കാരിക മേഖലയുടെ ആവശ്യമാണെന്ന് ശാസ്ത്ര വേദി, വിചാർ വിഭാഗ്, എഐപിസി എന്നീ സംഘടനകൾ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അധികാരികളുടെ ഇടപെടലുകൾ ആവശ്യമാണെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ഡോ.
ലക്ഷമി ആർ.ചന്ദ്രൻ,
വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് കെ.ബി.സുഗതൻ, എഐപിസി പ്രസിഡന്റ് രാജിവ് രാമനാഥ് എന്നിവർ പറഞ്ഞു. പബ്ലിക് ലൈബ്രറിയുടെ പുസ്തകങ്ങൾ സംരക്ഷിക്കേണ്ടതിന് സ്ഥിരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടു.
പി.എം.ശ്രീവത്സൻ, പുണ്യകുമാരി, ഡോ. മനു, ഡോ.പ്രിയ, മൻമോഹൻ, അസുമ, രാഹുൽ വിഷ്ണു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]