പാലക്കാട്∙ പാലക്കാട്ടെ കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ട് ജില്ലയിലെ കർഷകർ. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനെത്തിയ കേന്ദ്ര വിദഗ്ധ സംഘത്തിനു മുന്നിൽ നെല്ലുസംഭരണ പ്രശ്നങ്ങൾ, വന്യമൃഗശല്യം, കുറഞ്ഞ താങ്ങുവില തുടങ്ങിയ പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളുൾപ്പെടെ വിശദീകരിച്ചു കർഷകർ നിവേദനം നൽകി. ജില്ലയിൽ വടവന്നൂർ, കൊല്ലങ്കോട് വാഴപ്പുഴ, പൊൽപുള്ളി, എലപ്പുള്ളി പാഡികോ റൈസ്മിൽ, മലമ്പുഴ പന്നിമട
എന്നിവിടങ്ങളാണ് കേന്ദ്രസംഘം സന്ദർശിച്ചത്.
പാടശേഖരസമിതി സന്ദർശനത്തോടൊപ്പം എല്ലായിടങ്ങളിലും കർഷകയോഗവും നടത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിലെ ശാസ്ത്രഞ്ജരും സംഘത്തിലുണ്ടായിരുന്നു.
എലപ്പുള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജില്ലാ നെല്ലുസംഭരണ വിപണന സംസ്കരണ വ്യവസായ സഹകരണ സംഘമായ പാഡികോ സന്ദർശിച്ച സംഘം സെക്രട്ടറിയോടും ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.2022 വരെ 100 കിലോ നെല്ല് എടുത്താൽ 64.5 കിലോ അരി കൊടുത്താൽ മതി എന്നാണു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.
എന്നാൽ 2022 ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാർ പദ്ധതി പ്രകാരം 68% അരി കൊടുക്കണമെന്ന നിർദേശം വച്ചതോടെയാണ് സാമ്പത്തിക പ്രയാസം അനുഭവിച്ച് തുടങ്ങുന്നതെന്ന് പാഡികോ ഭരണസമിതി സെക്രട്ടറി എസ്.ജീവൻ സംഘത്തോടു പറഞ്ഞു.മറ്റു സംസ്ഥാനങ്ങൾ 68% അരി കൊടുക്കുമ്പോൾ ഇവിടെ അതിനു കഴിയാതെ വരുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും വിഷയം ഗൗരവകരമാണെന്നും ഇത്തരം സംരംഭങ്ങൾ ഇല്ലാതായാൽ കർഷകർ അനുഭവിക്കാൻ പോവുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടപെടലുണ്ടാകുമെന്നും കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.രുഗ്മിണി പറഞ്ഞു.
രണ്ടാം വിളയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് മാർച്ച്, ഏപ്രിൽ വരെ നീട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.നെല്ല് സംഭരണത്തിലെ കാലതാമസത്തിന് സർക്കാരിനെതിരെയും നോഡൽ ഏജൻസിക്കെതിരെയും പിഴ ചുമത്താൻ വ്യവസ്ഥ ഉണ്ടാക്കണമെന്നായിരുന്നു പൊൽപുള്ളിയിലെ കർഷകരുടെ പ്രധാന ആവശ്യം. നടപ്പിലാക്കിയ പദ്ധതികൾ നേരിട്ട് ഓഡിറ്റ് നടത്തണമെന്നും, കർഷകർക്ക് പ്രയോജനകരമായ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന ഏജൻസി വഴി പദ്ധതി ഏറ്റെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
പൊൽപുള്ളിയിൽ നടന്ന പരിപാടിയിൽ കർഷകരുടെ നിർദേശങ്ങൾ അടങ്ങിയ നിവേദനം റിട്ട.
സുപ്രീംകോടതി ജസ്റ്റിസ് വി.ബാലസുബ്രഹ്മണ്യം കൈമാറി. നെല്ലിന് ഉയർന്ന സംഭരണവില ഉറപ്പാക്കി ഉടൻ നൽകണമെന്ന് വടവന്നൂരിലെ കർഷകർ ആവശ്യപ്പെട്ടു.
ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണ നടപടികൾ ആരംഭിച്ചിട്ടില്ല. നെല്ലിന്റെ താങ്ങുവില ഉൽപാദന ചെലവിന് ആനുപാതികമായി വർധിപ്പിക്കാൻ തയാറാകാത്തതു കർഷകരെ കൃഷിയിൽ നിന്ന് അകറ്റുന്നുണ്ട്.
കൂടാതെ പറമ്പിക്കുളം–ആളിയാർ കരാർ പുതുക്കുക, കർഷകരുടെ ഉടമസ്ഥതയിലുള്ള കുളങ്ങൾ നന്നാക്കാൻ ഫണ്ട് അനുവദിക്കുക, മനുഷ്യ–വന്യജീവി സംഘർഷം തടയാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഭക്ഷ്യോൽപാദനം കൂടുമ്പോൾ കേരളത്തിൽ കുറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.
മണ്ണിന്റെ ഗുണനിലവാരം 5 മിനിറ്റുകൊണ്ട് അറിയാൻ സാധിക്കുന്ന കിറ്റ് കർഷകർക്ക് നൽകാൻ കേന്ദ്ര വിദഗ്ധസംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് വലിയ നേട്ടമാണെന്നും കുമ്മനം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]