
പാലക്കാട് ∙ കോൺഗ്രസ് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ ഫണ്ട് ചെലവഴിക്കാൻ ഉൾപ്പെടെ തടസ്സങ്ങളില്ലെങ്കിലും മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കുക ബുദ്ധിമുട്ടാകും. പാർട്ടി തലത്തിലുള്ള വിലക്കുകളും സിപിഎമ്മും ബിജെപിയും പ്രഖ്യാപിച്ച സമരങ്ങളും ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനം പ്രതിസന്ധിയിലാക്കാനാണു സാധ്യത.
നടപ്പുപദ്ധതികളുടെ പൂർത്തീകരണം, പുതിയ പദ്ധതിനിർദേശങ്ങൾ, വികസന ഫണ്ടിന്റെ വിനിയോഗം എന്നിവ ഒാഫിസ് മുഖേന നടത്താനാകും.
ഒാഫിസ് സജീവവുമാണ്. എന്നാൽ, എംഎൽഎയുടെ രാജി വരെ സമരം എന്ന സിപിഎം, ബിജെപി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുമായി ഇടപെട്ട് പദ്ധതികളുടെ രൂപീകരണവും ചർച്ചകളും, പൊതുപ്രശ്നങ്ങളിലെ ഇടപെടലും ഉൾപ്പെടെ പ്രയാസമാകും.
ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതും തടസ്സപ്പെടും. വഴിതടയലും സമരങ്ങളും ക്രമസമാധാനപ്രശ്നങ്ങൾക്കു കാരണമാകാം.
കോൺഗ്രസ് കാരണം പാലക്കാടിന് എംഎൽഎ ഇല്ലാതായെന്ന പ്രചാരണം നേരിടാനുള്ള സംവിധാനം പാർട്ടി ആലോചിക്കുന്നുണ്ട്.
എംഎൽഎ എത്തിയാൽ സംരക്ഷണം നൽകുമോ എന്ന ചോദ്യത്തോട്, രാഹുൽ ഇപ്പോൾ കോൺഗ്രസുകാരനല്ലല്ലോ എന്നാണു ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പ്രതികരിച്ചത്. എംഎൽഎ എന്നു മണ്ഡലത്തിൽ എത്തുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
തദ്ദേശതിരഞ്ഞെടുപ്പിനുള്ള സംഘടനാ പ്രവർത്തനം ഊർജിതമായി നടക്കുന്നതിനിടെയുണ്ടായ വിവാദത്തിൽ പ്രവർത്തകർ നിരാശയിലാണ്. എംഎൽഎ എന്ന നിലയിൽ രാഹുലിനെ പൊതുപരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നാണു സിപിഎം നിലപാട്. തങ്ങൾക്കു സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ രാഹുൽ വിഷയം തദ്ദേശതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഉപയോഗിക്കാനും ചർച്ച പരമാവധി നീട്ടിക്കൊണ്ടുപോകാനുമാണു ബിജെപി നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]