
‘വെടിയൊച്ചകൾ ഇപ്പോഴും കാതിൽ, ചെളിയിൽ പുതഞ്ഞ് പ്രാണനും കൊണ്ടോടി’; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നവദമ്പതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി ∙ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിനിടെ ഉണ്ടായ വെടിയൊച്ചകൾ ഇപ്പോഴും കാതിൽ അലയടിക്കുകയാണെന്ന് അഷറഫ്. ‘കുത്തനെയുള്ള ബൈസരൺ മലയിൽ നിന്ന് ചെളിയിൽ പുതഞ്ഞ് പ്രാണനും കൊണ്ടോടി പഹൽഗാം പട്ടണത്തിൽ എത്തിയതും പിന്നീട് അവിടെ നിന്ന് ശ്രീനഗറിൽ എത്തി നാട്ടിലെത്തിപ്പെട്ടതും ഒരുൾക്കിടിലത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ’. വിവാഹത്തിനു ശേഷം നാലു ദിവസത്തെ ഹണിമൂൺ ആഘോഷിക്കുന്നതിനായി ഭാര്യ ഷബീബയ്ക്കും മൂത്ത സഹോദരൻ അനസിനും (35) ഭാര്യ ഷൈമയ്ക്കും ഇവരുടെ മൂന്നു വയസ്സായ മകൻ ഷാഹിഷിനുമൊപ്പം ശ്രീനഗറിൽ എത്തിയ നെല്ലായ കൃഷ്ണപ്പടിയിലെ പേങ്ങാട്ടിരി വീട്ടിൽ അഷറഫിന്റെ (28) വാക്കുകളാണിത്.
നെടുമ്പാശ്ശേരിയിൽ നിന്നു യാത്ര പുറപ്പെട്ട് 21ന് രാവിലെ 8.30നാണ് അഷറഫും സംഘവും ശ്രീനഗറിൽ എത്തിയത്. ഇവിടെ നിന്നുളള ഡ്രൈവറുടെ ഒപ്പം സോൻമാർഗിലെത്തി കാഴ്ചകൾ കണ്ട് വൈകിട്ട് ശ്രീനഗറിൽ മടങ്ങിയെത്തി ഹോട്ടൽമുറിയിൽ താമസിച്ചു. 22ന് രാവിലെ 9ന് പഹൽഗാമിലേക്ക് യാത്ര തുടരുന്നതിനിടെ വഴിയിൽ നിന്ന് വെള്ളവും ആപ്പിളും മുന്തിരിയും വാങ്ങി. ബൈസരൺ താഴ്വരയിൽ എത്തിയത് 12.15ന്. ഇവിടെ നിന്ന് കുതിരപ്പുറത്തു കയറി കുത്തനെയുള്ള മലമുകളിലെത്തിയപ്പോഴേക്കും 2.35 ആയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആദ്യത്തെ വെടി മുഴങ്ങുന്ന ശബ്ദം.
ആ ശബ്ദം നിലയ്ക്കും മുൻപ് പിന്നെയും കാതടപ്പിക്കുന്ന ശബ്ദം. ഇതുകേട്ട് കുതിരകൾ നാലുപാടും ചിതറിയോടി. മലയിൽ കുടുങ്ങിയ അഷറഫും സംഘവും മറ്റു വിനോദസഞ്ചാരികളും മലയിൽ നിന്നിറങ്ങി. ചെളി കാരണം ഓടാനും നടക്കാനും കഴിയാത്ത നിലയായി. കാലുകൾ ചെളിയിൽ അമർന്നു. കാലിൽ ധരിച്ച ഷൂസും പാന്റ്സും അഴിച്ചതിനു ശേഷം പ്രാണനും കൊണ്ട് ഓടുകയായിരുന്നു ഇവർ. ഇതിനിടെ അഷറഫും ഭാര്യയും തങ്ങളെ മലമുകളിലേക്കെത്തിച്ച കുതിരകളെ വഴിയിൽ കണ്ടു. ഇതിൽ കയറുന്നതിനു മുൻപ് സഹോദരൻ എത്തി കുട്ടിയെ അഷറഫിനെ ഏൽപ്പിച്ചു.
അഷറഫും ഭാര്യയും കുട്ടിയും പഹൽഗാം ടൗണിൽ എത്തിയപ്പോഴേക്കും സഹോദരനെയും ഭാര്യയെയും കാണാനില്ല. ഏറെ അലഞ്ഞതിനു ശേഷമാണ് സഹോദരനെയും ഭാര്യയെയും അഷറഫിന് കണ്ടെത്താനായത്. അപ്പോഴും നിലയ്ക്കാത്ത വെടിയൊച്ചകൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ഇവിടെ നിന്നു രാത്രിയോടെ അഷറഫും കുടുംബവും ശ്രീനഗറിൽ എത്തി ഹോട്ടലിൽ താമസിച്ചു. 23ന് രാവിലെ ശ്രീനഗറിൽ നിന്നു യാത്ര തിരിച്ച് വൈകിട്ടോടെയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. നാലു ദിവസത്തെ ടൂർ പാക്കേജ് ആയിരുന്നു അഷറഫിന്റേത്. ഭീകരാക്രമണം കാരണം രണ്ടു ദിവസം തികയ്ക്കും മുൻപെ നാട്ടിലേക്ക് ഇവർക്കു തിരികെവരേണ്ടി വന്നു. ഹണിമൂൺ ആഘോഷം ഭയപ്പെടുത്തുന്ന ഓർമയായി മാറിയെന്നും ഭാര്യയും സഹോദരനും കുടുംബവും ഭയപ്പാടിൽ നിന്ന് ഇനിയും മോചിതരായിട്ടിെല്ലന്നും അഷറഫ് പറഞ്ഞു.