ഐതിഹ്യങ്ങളും ആഘോഷങ്ങളും ആരവം തീർക്കുന്ന ക്ഷേത്രങ്ങൾ, ചരിത്രവും കലയും സംസ്കാരവും ഇഴചേർന്നുകിടക്കുന്ന ഭൂമിക; അതാണു ശ്രീകൃഷ്ണപുരം. പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂരമ്മയായി കുടികൊള്ളുന്ന ഉത്രത്തിൽ ഭഗവതി ക്ഷേത്രം, അപ്പം വഴിപാടുകൊണ്ട് കേരളമൊട്ടാകെ അറിയപ്പെടുന്ന ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, ദർശനത്തിനും ബലിതർപ്പണത്തിനുമായി ആയിരക്കണക്കിനു വിശ്വാസികൾ എത്തുന്ന കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, വട്ടെഴുത്ത് പോലെയുള്ള ചരിത്രാവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന പെരുമാങ്ങോട് ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ ഒട്ടേറെ ആരാധനാലയങ്ങൾ ഈ നാട്ടിലും പരിസരങ്ങളിലുമായി സ്ഥിതിചെയ്യുന്നുണ്ട്.
കൂടാതെ ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, ഒട്ടേറെ സിനിമകൾ ചിത്രീകരിച്ച പാർത്തല അക്വഡേറ്റ് എന്നിവയെല്ലാം മികച്ച വിനോദ അനുഭവങ്ങൾ പകർന്നു നൽകുന്ന സ്ഥലങ്ങളാണ്. ശ്രീകൃഷ്ണപുരത്തോടു ചേർന്നാണ് പ്രസിദ്ധമായ കരിമ്പുഴ നെയ്ത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്.
മറ്റൊരു വശത്ത് വെള്ളിനേഴി കലാഗ്രാമം. വലമ്പിലിമംഗലം മുണ്ടോർശ്ശികടവിൽ തടയണ യാഥാർഥ്യമാകുന്നതോടെ ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദസാധ്യതകൾ വരും. ജൈവ കാർഷിക മേഖലയിൽ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന കർഷകരും കൃഷിയിടങ്ങളും ശ്രീകൃഷ്ണപുരത്തുണ്ട്.
വലമ്പിലിമംഗലം മൂർത്തിയേടത്ത് മന ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ എഴുനൂറിലധികം നാട്ടുമാവുകളുടെ ശേഖരമുണ്ട്. വിവിധങ്ങളായ പാരമ്പര്യ ഇനം പശുക്കൾ ഇവിടെയുണ്ട്.
ഭക്ഷ്യവനമെന്ന ആശയവും അതിന്റെ നിർമിതിയും ജൈവരീതിയിലുള്ള പരിപാലനവും ശ്രീകൃഷ്ണപുരത്തിന്റെ തനതു പ്രത്യേകതകളാണ്.
പ്രാദേശിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധം സമഗ്ര പദ്ധതി ശ്രീകൃഷ്ണപുരത്ത് ഉണ്ടാകേണ്ടതുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് കാഴ്ചകളും അനുഭവങ്ങളും ചരിത്രാന്വേഷണങ്ങളും പങ്കുചേരുന്ന പ്രാദേശിക ടൂറിസം വികസന കേന്ദ്രം എന്ന ആശയം ഭാവനാപൂർണമായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ ഈ നാട്ടിലേക്ക് ഒട്ടേറെ പേർ എത്തിച്ചേരും.
ഇതുമൂലം ഒട്ടേറെ തൊഴിൽ സാധ്യതകളും ലഭിക്കും. നാടിന്റെ പ്രത്യേകതകളായ മംഗലാംകുന്ന് മുറുക്ക്, തോട്ടര കത്തി, ഈശ്വരമംഗലം അപ്പം, ഖാദി കുപ്പടം മുണ്ട് തുടങ്ങിയവയുടെ ഖ്യാതി വർധിക്കും.
അതിലുപരിയായി ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ശ്രീകൃഷ്ണപുരം അടയാളപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

