പാലക്കാട് ∙ അവിഭക്ത ഇന്ത്യയിൽ ആദ്യമായി മുസ്ലിം ലീഗ് പതാക ഉയർന്ന പുതുനഗരത്തു നിന്ന് ആരംഭിച്ച പ്രചാരണജാഥയോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എം.എം.ഹമീദ് പതാക കൈമാറി.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹീം അയിലൂരിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും അണിനിരന്ന പ്രചാരണ വാഹനജാഥ വൻ ആവേശമായി. ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം കോട്ടമൈതാനത്ത് പതാക ഉയർത്തി.
കോട്ടമൈതാനത്ത് 77 ആദ്യകാല നേതാക്കളുടെ സ്മരണയിൽ തയാറാക്കിയ കൊടിമരങ്ങളിൽ 77 മുതിർന്ന നേതാക്കൾ ഒരേ സമയം പതാക ഉയർത്തി.
ഇതിനു പിന്നിൽ പ്രവർത്തകരും അണിനിരന്നു. വൈകിട്ട് നാലരയോടെ നടന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിന്റെ അടിത്തറയായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കിയും ഫണ്ടുകൾ വെട്ടിക്കുറച്ചും അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും ഇത് വീണ്ടെടുക്കാൻ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഊർജസ്വലതയോടെ പ്രവർത്തിക്കണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
അക്രമത്തിനും അനീതിക്കുമെതിരെ പോരാടുകയെന്നത് ലീഗിന്റെ കടമയാണ്, ന്യൂനപക്ഷ–പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി മുസ്ലിം ലീഗ് എന്നും നിലകൊള്ളും. 18 വർഷങ്ങൾക്കു ശേഷം പാലക്കാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തിന് ചരിത്രപരമായ പ്രത്യേകതൾ കൂടിയുണ്ട്.
പാലക്കാട്ട് ലീഗിന്റെ കരുത്ത് കൂട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പാർട്ടിയുടെ ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കണം.
വർഗീയതയ്ക്കും തീവ്രവാദത്തിനും ഇവിടെ സ്ഥാനമില്ലെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തോടു നോ പറയാൻ കഴിയണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
നാളെ സമാപന സമ്മേളനത്തോടൊപ്പം പലസ്തീൻ ഐക്യദാർഢ്യ സദസ്സും നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ടി.എ.സിദ്ദീഖ്, എൻ.ഷംസുദ്ദീൻ എംഎൽഎ, സി.എ.എം.എ.കരീം, സി.എച്ച്.റഷീദ്, കളത്തിൽ അബ്ദുല്ല, എം.എ.സമദ്, പി.ഇ.എ.സലാം എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധി സെമിനാർ ഇന്ന്
ദുർബലപ്പെടുത്തുന്ന അധികാര വികേന്ദ്രീകരണം എന്ന വിഷയത്തിൽ ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കുന്ന ജനപ്രതിനിധി സെമിനാർ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും.
നാളെ വൈകിട്ട് നാലിന് വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം സമ്മേളന വേദിയായ കോട്ടമൈതാനത്ത് സമാപിക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ മുഖ്യാതിഥിയാകും. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
“രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം തദ്ദേശ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ പ്രതിഫലിക്കില്ല.
സ്ത്രീകളുടെ വികാരം വ്രണപ്പെട്ട ഒരുപാട് വിഷയങ്ങൾ രാഷ്ട്രീയ രംഗത്ത് ഉണ്ടായിട്ടുണ്ട്.
ഇടതുപക്ഷത്ത് ഇതിനെക്കാൾ എത്രയോ ശക്തമായ വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ട് ഇടതുപക്ഷത്തിന് ഒന്നും സംഭവിച്ചിട്ടില്ല.
ആ രൂപത്തിലേ ഇതും നീങ്ങുകയുള്ളൂ.”
മരക്കാർ മാരായമംഗലം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]