പാലക്കാട് ∙ ഷാഫി പറമ്പിൽ എംപിയെ ഉന്നമിട്ടു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ്. പരാമർശത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി.
അപവാദ പ്രചാരണങ്ങൾ നടത്തുന്നതിനു വേണ്ടി മാത്രമായി സിപിഎം വലിയ സംഘത്തെ ഇറക്കിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചപ്പോൾ എതിരാളികൾക്കെതിരെ ആരോപണങ്ങളും കടന്ന് അധിക്ഷേപം എന്ന രീതിയാണോ 2026ൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു തന്ത്രമെന്നു ഷാഫി ചോദിച്ചു. പരാമർശം ധാർമികതയ്ക്കു നിരക്കാത്തതാണെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നു പുറത്താക്കുക തന്നെ വേണമെന്ന് ആവശ്യപ്പെടാൻ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണെന്നു പറഞ്ഞാണ് ഇ.എൻ.സുരേഷ്ബാബു അധിക്ഷേപ പരാമർശം നടത്തിയത്.
ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ‘ഈ കാര്യത്തിൽ ’ കൂട്ടുകച്ചവടമാണ്. ‘ആരെയെങ്കിലും നന്നായി കണ്ടാൽ, ബെംഗളൂർ ട്രിപ്പ് അടിക്കുകയല്ലേ’ എന്നു ‘ഹെഡ്മാഷ്’ ചോദിക്കുമെന്നു ദ്വയാർഥത്തോടെ സുരേഷ്ബാബു പറഞ്ഞു.
വിവാദമായതോടെ, കുമ്പളങ്ങ കട്ട കാര്യം പറയുമ്പോൾ ഷാഫി എന്തിനാണു തോളിൽ ചെളിയുണ്ടോ എന്നു ചോദിക്കുന്നതെന്നു സുരേഷ്ബാബു ചോദിച്ചു.
തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും പറഞ്ഞു.
ജില്ലാ സെക്രട്ടറിക്കെതിരെ നിയമനടപടി ആലോചിക്കുമെന്നു ഷാഫി പറഞ്ഞു. തന്നെ വർഗീയവാദിയാക്കാനാണ് ആദ്യം ശ്രമിച്ചത്.
ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ടു പറയിപ്പിക്കുന്നു. ഇതാണോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ എന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ വ്യക്തമാക്കണം.
അധിക്ഷേപങ്ങൾ ചർച്ചയാക്കുന്നതു നേട്ടങ്ങളൊന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ്.
സുരേഷ്ബാബു നടത്തിയതു വ്യക്തിഹത്യയും ഹീനമായ അധിക്ഷേപവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ജില്ലാ സെക്രട്ടറിയെ നീക്കം ചെയ്യണം.
കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം വർധിച്ചതിന് ഒരു കാരണം സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇതുപോലെയുള്ള പ്രസ്താവനകളാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെ സുരേഷ്ബാബു ഇതുപോലെയുള്ള പരാമർശങ്ങൾ നടത്തുന്നത് ആദ്യമായല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തു നീലപ്പെട്ടിയിൽ പണം കടത്തിയെന്ന ആരോപണം ആളിക്കത്തിച്ചത് ഇദ്ദേഹമായിരുന്നു.
തെളിവുകൾ പുറത്തുവിടുമെന്നു പറഞ്ഞെങ്കിലും പൊലീസ് കേസു പോലും എടുക്കാതിരുന്നതു സിപിഎമ്മിനു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.
“കുമ്പളങ്ങ കട്ട കാര്യം പറയുമ്പോൾ ഷാഫി എന്തിനാണു തോളിൽ ചെളിയുണ്ടോ എന്നു ചോദിക്കുന്നത്.
തെളിവുകൾ സമയമാകുമ്പോൾ പുറത്തു വിടും.”
ഇ.എൻ.സുരേഷ്ബാബു, സിപിഎം ജില്ലാ സെക്രട്ടറി
“വർഗീയവാദിയാക്കാനാണ് ആദ്യം ശ്രമിച്ചത്. ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ടു പറയിപ്പിക്കുന്നു.
ഇതാണോ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ എന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കണം.”
ഷാഫി പറമ്പിൽ എംപി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]