നെന്മാറ∙ രാജഭരണകാലത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടു മുന്നോട്ടു പോയ ഗവ.ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഇന്ന് ആയിരക്കണക്കിനു വിദ്യാർഥിനികൾ ആശ്രയിക്കുന്ന പ്രമുഖ സ്ഥാപനമായി വളർന്നു. നെന്മാറ ടൗണിൽ നിന്നു അയിലൂർ റോഡിൽ 300 മീറ്റർ അകലെ ഏകദേശം 3 ഏക്കർ വിസ്തൃതിയിലുള്ള സ്കൂൾ ആദ്യകാലത്ത് കൊച്ചി– തിരുവിതാംകുർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലിഷ് വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അന്ന് റാണി ലക്ഷ്മിഭായിയുടെ നേതൃത്വത്തിൽ രാരിയംകണ്ടത്ത് ഗോവിന്ദമേനോൻ തന്റെ സ്വന്തം സ്ഥലത്ത് ഒരു ഇംഗ്ലിഷ് സ്കൂൾ സ്ഥാപിക്കുകയായിരുന്നു.
പക്ഷേ ഒരു വിദ്യാർഥിയുടെ പ്രവേശനത്തെച്ചൊല്ലി സ്ഥാപകനും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം കാരണം ഒരു വർഷം കഴിഞ്ഞതോടെ അടച്ചുപൂട്ടി. പിന്നീട് 1921ൽ നെല്ലിക്കുളങ്ങര ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള നെന്മാറ ജംക്ഷനു സമീപം പുതിയൊരു സ്കൂൾ ആരംഭിച്ചു.
അത് ഇന്നത്തെ ഗവ.ബോയ്സ് ഹൈസ്കൂളിന്റെ തുടക്കമായിരുന്നു. തുടക്കത്തിൽ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നെങ്കിലും പിന്നീട് ബോയ്സ് സ്കൂളും ഗേൾസ് സ്കൂളുമായി വിഭജിക്കാൻ തീരുമാനിച്ചു.
1920ൽ ആരംഭിച്ച അതേ സ്ഥലത്തായിരുന്നു ഗേൾസ് സ്കൂൾ. ഒടുവിൽ 1925 ജൂൺ ഒന്നിന് ഗേൾസ് എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഹൈസ്കൂളാക്കി ഉയർത്തി.
1965ൽ എൽപി വിഭാഗം വേർപെടുത്തി പഴയഗ്രാമത്തിൽ സ്ഥാപിച്ചു.
1987ൽ വിഎച്ച്എസ്ഇ വിഭാഗം കൂടി ആരംഭിച്ചു. നിലവിൽ 5 ശാഖകളിലായി 260 കുട്ടികൾ പഠിക്കുന്നുണ്ട്.
1995ൽ ആണ് ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചത്. ഇതിൽ 600 കുട്ടികൾക്കു പഠിക്കാൻ സൗകര്യമുണ്ട്.
യുപി, ഹൈസ്കൂൾ വിഭാഗത്തിൽ 27 ഡിവിഷനുകളിലായി 1200 വിദ്യാർഥിനികളുണ്ട്. 95 അധ്യാപകരും 12 അനധ്യാപകരും ജോലി ചെയ്തു വരുന്നുണ്ട്. രണ്ട് കെട്ടിടങ്ങളിലായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് ഹൈടെക് സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന 21 ബ്ലോക്കുകളുണ്ട്.
ഒട്ടേറെ പ്രമുഖരെ വാർത്തെടുത്ത സ്കൂളിന്റെ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്നു നടക്കുന്ന സ്വാഗതസംഘം രൂപീകരണ യോഗം ഉച്ചയ്ക്ക് 2ന് രുക്മിണി കല്യാണ മണ്ഡപത്തിൽ നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]