എരുത്തേമ്പതി ∙ നാട്ടുകാർക്കു ഭീഷണിയുയർത്തി കരിങ്കൽ ക്വാറിയുടെ പ്രവർത്തനം. രാത്രിയും കരിങ്കല്ലുമായി ലോറികളുടെ മരണപ്പാച്ചിൽ ആരംഭിച്ചതായി നാട്ടുകാർ.
എരുത്തേമ്പതി– കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളുടെ അതിർത്തിയായ മലയാണ്ടി കൗണ്ടന്നൂരിലാണു ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയുടെ 75 മീറ്ററിനകത്തു വീടുണ്ടായിട്ടും അതു മറച്ചുവച്ചാണ് അനുമതി നേടിയിട്ടുള്ളതത്രെ.
നിബന്ധനകൾ മറികടന്നു പ്രവർത്തിക്കുന്ന ക്വാറിയുടെ ലൈസൻസ് റദ്ദാക്കാനായി പ്രത്യേക ഗ്രാമസഭ വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. വർഷങ്ങൾക്കു മുൻപ് അപകടകരമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നു നിർത്തലാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ എതിർപ്പു മറികടന്നാണു ക്വാറി പ്രവർത്തനമാരംഭിച്ചിട്ടുള്ളതെന്നു നാട്ടുകാർ ആരോപിച്ചു.
അതേസമയം, ഇന്നലെ വൈകിട്ട് ഏഴോടെ ക്വാറിയിൽ നിന്നു കരിങ്കല്ല് കടത്തിത്തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ സ്ഫോടനത്തിൽ കരിങ്കല്ലു തെറിച്ചുവീണു വൈദ്യുതി കമ്പി പൊട്ടിയെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു പഞ്ചായത്തിൽ അനുമതിക്കായി വന്നത്. രേഖകളെല്ലാം ഉള്ളതിനാൽ ലൈസൻസ് കൊടുക്കാതിരിക്കാൻ കഴിയില്ല.
എന്നാൽ, കരിങ്കല്ല് കയറ്റിയ ലോറികൾ പഞ്ചായത്ത് റോഡിലൂടെ പോകാൻ പാടില്ലെന്ന നിബന്ധന വച്ച ശേഷമാണ് അനുമതി നൽകിയതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. ക്വാറിയിൽ നിന്നു കല്ലു കൊണ്ടുപോകാൻ 3 വഴികൾ മാത്രമാണുള്ളത്.
അതിൽ എരുത്തേമ്പതി പഞ്ചായത്തിലൂടെയുള്ള 2 റോഡുകളിലൂടെ പോകാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലൂടെയുള്ള നീലംകാച്ചി വഴിയാണു പോകുന്നത്.
500 ഏക്കറിലധികം കൃഷിക്കുള്ള വെള്ളം സംഭരിച്ചിട്ടുള്ള ഏരിയുടെ ബണ്ടിലൂടെയാണു റോഡ് കടന്നുപോകുന്നത്.മണ്ണുകൊണ്ടു നിർമിച്ച ബണ്ടിലൂടെ ഭാരവാഹനങ്ങൾ കടന്നുപോയാൽ ഏതു നിമിഷവും ബണ്ട് തകരും. ഈ പാതയിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകാൻ പാടില്ലെന്നു കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പ്രത്യേക ഗ്രാമസഭ ചേർന്നു തീരുമാനമെടുത്തതാണ്.
നാട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഇന്നലെ രാത്രി ഏഴോടെ കരിങ്കല്ലു കയറ്റി ലോറി കടന്നുപോയതായി നാട്ടുകാർ പറഞ്ഞു.ബണ്ടിനു മുകളിലൂടെ ഭാരവാഹനങ്ങൾ പോകുന്നതു തടയണമെന്നാവശ്യപ്പെട്ടു കൊഴിഞ്ഞാമ്പാറ പൊലീസിനും ക്വാറിയുടെ ലൈസൻസ് റദ്ദാക്കാനായി പ്രത്യേക ഗ്രാമസഭ കൂടണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]