
പിറ്റ്ലൈനിൽ മെല്ലെപ്പോക്ക്; പകുതി പോലുമായില്ല, കരാറുകാരന്റെ വീഴ്ചയെന്നു റെയിൽവേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ റെയിൽവേ ഡിവിഷനിലെ പ്രധാന പദ്ധതിയായ പിറ്റ്ലൈൻ, ലക്ഷ്യമിട്ടതിന്റെ പകുതി പോലുമായില്ല. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കു സൗകര്യമൊരുക്കി പുതിയ ട്രെയിനുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്ന പദ്ധതി വൈകുന്നതു കരാറുകാരന്റെ വീഴ്ചയാണെന്നു റെയിൽവേ അധികൃതർ വിശദീകരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
61 കോടി രൂപയുടെ പിറ്റ്ലൈൻ പദ്ധതിക്കു മണ്ണെടുക്കുന്നതും സമയബന്ധിതമായി പണം അനുവദിക്കുന്നതും തടസ്സപ്പെട്ടെങ്കിലും രണ്ടും പിന്നീട് പരിഹരിച്ചു. ഫണ്ട് കൃത്യമായിട്ടും പണി ഇഴയുന്നതിൽ ഡിവിഷനും അതൃപ്തിയിലാണ്. പദ്ധതി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനുള്ള റെയിൽവേയുടെ നിർദേശത്തിനു മെല്ലെപ്പോക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ആവശ്യത്തിന് യന്ത്രങ്ങളും തൊഴിലാളികളെയും കരാറുകാരൻ എത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. അടുത്ത മാസം ലൈൻ സ്ഥാപിച്ച് ജൂണിനു മുൻപു കോൺക്രീറ്റ് നടത്തേണ്ടതാണെങ്കിലും ഇതുവരെ 30% മാത്രമാണു പൂർത്തിയായത്. ഇനി ട്രാക്കിട്ട് ബന്ധിപ്പിക്കുന്നതുൾപ്പെടെ ബാക്കിയാണ്.
അറ്റകുറ്റപ്പണി ആവശ്യമായ ട്രെയിനുകൾ പിറ്റ്ലൈനിലാണ് പരിശോധിക്കുക. പരിശോധന കഴിഞ്ഞവയ്ക്കു സ്റ്റേബിളിങ് ലൈനുണ്ട്. ഗൗരവമായ പണികൾ സിക്ക് ലൈനിലാണു ചെയ്യുക. സിക്ക് ലൈൻ മറ്റൊരു കരാറുകാരനാണു നിർമിക്കുന്നത്. ഇതിനൊപ്പം ടൗൺ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിച്ച് മൂന്നാം പ്ലാറ്റ്ഫോം പൊള്ളാച്ചി ലൈനുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്. 16 കോച്ചുകളുടെ പ്ലാറ്റ്ഫോമും പിറ്റ്ലൈനും പൂർണസജ്ജമായാൽ ചെന്നൈ, മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കാനാകും.
പോത്തനൂരിൽ 180 കോടി രൂപ ചെലവിൽ പിറ്റ് ലൈൻ
∙ പോത്തനൂർ ജംക്ഷനിൽ 180 കോടി ചെലവ് വരുന്ന പുതിയ പിറ്റ്ലൈന് റെയിൽവേ ബോർഡ് അനുമതി നൽകി. ഇതു നിർമാണം പൂർത്തിയാകുന്നതോടെ കോയമ്പത്തൂരിലുള്ള പിറ്റ് നിർത്തലാക്കുമെന്നാണ് വിവരം.മൂന്നാംപാത നിർമാണ സർവേയിൽ പോത്തനൂർ പ്രധാന റെയിൽ ജംക്ഷനാക്കി വികസിപ്പിക്കാനുള്ള നിർദേശങ്ങളുണ്ട്. അതിന്റെ മുന്നോടിയാണ് എട്ടു ട്രെയിനുകൾ വരെ ഒരേസമയം അറ്റകുറ്റപ്പണി നടത്താവുന്ന മൂന്ന് ലൈൻപിറ്റ് പദ്ധതി അനുവദിച്ചതെന്നാണ് വിലയിരുത്തൽ. 10 ട്രെയിനുകൾ വരെ ഇവിടെ നിർത്താനാകും. കോയമ്പത്തൂരിൽ നിലവിൽ രണ്ട് പിറ്റ്ലൈനുണ്ട്.