കുമരനല്ലൂർ ∙ അക്ഷരങ്ങളിലൂടെ ബന്ധവും ബന്ധനവും പണവും പ്രതാപവും എന്തെന്നും എങ്ങനെയെന്നും കാലാതീതമായി കുറിച്ചിട്ട കൂടല്ലൂരിന്റെ പ്രിയ കഥാകാരൻ എംടി മഹാമൗനത്തിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു.
കാലം ശൂന്യവേള തീർക്കുമ്പോഴും ആ അക്ഷരപുണ്യത്തെ നാടിനും പ്രിയപ്പെട്ടവർക്കും മറക്കാനാവില്ല. നിളയിലെ ഉദയവും നരിമാളൻകുന്നിലെ അസ്തമയവും പോലെ മനോഹര കാഴ്ച ലോകത്തില്ലെന്നു പറഞ്ഞ എംടി എഴുത്തിനായാണ് നിളയോരത്ത് മാടത്ത് തെക്കേപ്പാട്ട് തറവാടിനു സമീപം അശ്വതി എന്ന ഔട്ട് ഹൗസ് പണിതത്.
ഇത് ഇപ്പോൾ സ്വകാര്യ ക്ലിനിക്കായി പ്രവർത്തിക്കുന്നു.
എംടിയുടെ നാലുകെട്ടിൽ പ്രളയത്തെക്കുറിച്ചു പറയുന്ന ഭാഗത്ത് എഴു ദിവസം പ്രായമായ കൈക്കുഞ്ഞായിരുന്ന ആൾക്ക് ഇപ്പോൾ പ്രായം 86 കടന്നു. പാലത്തിങ്ങൽ കുഞ്ഞുവാണ് അന്നത്തെ കൈക്കുഞ്ഞ്.
തന്നെ ജീവിതത്തിലേക്ക് നടത്തിയ വീടാണ് മാടത്ത് തെക്കെപ്പാട്ട് തറവാടെന്ന് കൂടല്ലൂർ പാലത്തിങ്ങൽ കുഞ്ഞു സ്മരിക്കുന്നു. എടി കഥാപാത്രങ്ങളിൽ ജീവിച്ചിരിക്കുന്ന കുഞ്ഞു കൃഷിയും ചെറിയ കച്ചവടവുമായി റോഡിന്റെ മറുകരയിൽ എംടിയുടെ വേരുകൾ തേടിയെത്തുന്നവർക്ക് വഴികാട്ടിയായി ഇപ്പോഴുമുണ്ട്.
എംടിയുടെ മൂത്ത ജ്യേഷ്ഠനും അധ്യാപകനുമായിരുന്ന പരേതനായ എം.ടി.ഗോവിന്ദൻ നായർ ചെയർമാനായി കൂടല്ലൂർ എജ്യുക്കേഷൻ സൊസൈറ്റി രൂപീകരിച്ച് നാട്ടുകാരുടെ സഹായാത്തോടെ യുപി സ്കൂൾ ആരംഭിക്കുകയും പിന്നീട് ഇത് സർക്കാർ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.
ഇൗ വിദ്യാലയത്തിന് എംടി സ്മാരക സ്കൂൾ എന്ന് പുനർനാമകരണം ചെയ്യണമെന്ന് നേരത്തെ ആവശ്യവും നിവേദനങ്ങളും ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവിൽ പുതിയ റഗുലേറ്ററിനോടനുബന്ധിച്ചുള്ള സ്ഥലം ഏറ്റെടുത്ത് എംടിക്ക് ഉചിതമായ സ്മാരകവും എംടി കഥാപാത്രങ്ങളുടെ മ്യൂസിയവും പാർക്കും ഒരുക്കിയാൽ വരും തലമുറയ്ക്ക് അത് ഏറെ ഗുണകരമാകും.
നാടിന്റെ നാനാ ദിക്കിൽ നിന്നായി സാഹിത്യകുതുകികൾ മാടത്ത് തെക്കേപ്പാട്ട് തറവാടും എംടി നടന്ന ഇടവഴികളും കാണാൻ കൂടല്ലൂരിലെത്തുന്നുണ്ട്.
ഇവർക്കും അത് ഏറെ ഗുണകരമാകും. നിളയുടെ ഇൗർപ്പം വറ്റാതെ മലയാള സാഹിത്യത്തിൽ നിളയെയും കൂടല്ലൂരിനെയും പ്രതിഷ്ഠിച്ച എംടി എന്ന അതുല്യ പ്രതിഭയോട് കാണിക്കുന്ന കാലാതീതമായ ആദരവ് കൂടിയാകും അതെന്ന് എംടിയുടെ ചെറിയമ്മയുടെ മകനും സാഹിത്യകാരനുമായ എം.ടി.രവീന്ദ്രൻ പറഞ്ഞു.
കൂടല്ലൂരിനോളം കുമരനല്ലൂരും എംടിക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു.
താൻ പഠിച്ച കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അവസാനമായി വന്നപ്പോൾ സ്കൂളിലെ സന്ദർശക പുസ്തകത്തിൽ എം.ടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
‘എന്റെ പഴയ വിദ്യാലയത്തിൽ വീണ്ടും സന്ദർശിക്കാൻ ഇടവന്നപ്പോൾ ആ കാലഘട്ടത്തെയും അന്നത്തെ അധ്യാപകരെയും എല്ലാം ഓർത്തു. വിദ്യാലയം വലുതായിരിക്കുന്നു.
കണ്ടപ്പോൾ സന്തോഷം. ഇൗ വിദ്യാലയത്തോടുള്ള കടപ്പാടുകൾ ഓർമിച്ചുകൊണ്ട് – എം.ടി.വാസുദേവൻ നായർ.’ ഏറെ നിവേദനങ്ങളുടെയും സമ്മർദങ്ങളുടെയും ഫലമായാണ് രണ്ട് ജ്ഞാനപീഠ ജേതാക്കൾ പഠിച്ച് ഇന്ത്യയിലെ ഏക വിദ്യാലയത്തിന് അക്കിത്തം എംടി മെമ്മോറിയൽ കുമരനല്ലൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ എന്ന് അടുത്തിടെ പുനർനാമകരണം ചെയ്ത് ഉത്തരവായത്.
‘ഓർമകളിൽ എംടി’ അനുസ്മരണം ഇന്ന്
കൂടല്ലൂർ ∙ കഥയിലൂടെയും നോവലിലൂടെയും സിനിമയിലൂടെയും മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ വേദനകളും നിശ്ശബ്ദ സ്വപ്നങ്ങളും കാലാതീതമായി പകർത്തിയ കൂടല്ലൂരിന്റെ എഴുത്തുകാരൻ എംടിയെ നാട് അനുസ്മരിക്കുന്നു. ‘ഓർമകളിൽ എംടി’ എന്ന പേരിൽ ഇന്ന് വൈകിട്ട് നാലിന് കൂടല്ലൂർ ഹൈസ്കൂൾ അങ്കണത്തിലാണ് അനുസ്മരണസന്ധ്യ.
എഴുത്തുകാരി കെ.ആർ മീര ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും നാട്ടുകാരനും ഷൊർണൂർ എംഎൽഎയുമായ പി.മമ്മിക്കുട്ടി, ഡോ. സി.പി.ചിത്രഭാനു, എം.ടി.വാസുദേവൻ നായരുടെ മകൾ അശ്വതി വി.
നായർ എന്നിവർ എംടി ഓർമകളും വായനാനുഭവങ്ങളും പങ്കുവയ്ക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

