കാഞ്ഞിരപ്പുഴ ∙ ‘അധികാരികളേ, ചോദ്യം നിങ്ങളോടാണ്. എന്നു തീരും ഞങ്ങളുടെ ഈ ദുരിതം.
ഇരു മുന്നണികൾ ഭരിച്ചിട്ടും ഈ റോഡ് നന്നാക്കാൻ കഴിയാത്തതിനാൽ ഏതു പാർട്ടിക്കാരും ഇങ്ങോട്ട് വോട്ടും ചോദിച്ച് വരേണ്ട’. വോട്ടുതേടിയെത്തുന്ന സ്ഥാനാർഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നരിയംകോട് നാട്ടുകാരുടെ വകയാണ് ഈ മുന്നറിയിപ്പ് ബോർഡ്.
ഇവർ പറയുന്നതിലും കാര്യമുണ്ട്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ നരിയംകോട് വാർഡിലെ തകർന്നുകിടക്കുന്ന റോഡാണു നാട്ടുകാരെ ഇതിനു പ്രേരിപ്പിച്ചത്. പ്രദേശത്തേക്കുള്ള റോഡിനു കുറുകെയാണു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
കുമ്പളംചോലയിയിൽ നിന്നു കനാൽ കഴിഞ്ഞു പോകുന്ന നരിയംകോട്- നായാടിക്കുന്ന് റോഡാണിത്.
ഒന്നരക്കിലോമീറ്റർ ദൂരം വരുന്ന റോഡിനെ ആശ്രയിച്ചു ഇരുപതോളം കുടുംബങ്ങളുണ്ട്. മണ്ണും കല്ലും നിറഞ്ഞ റോഡിലൂടെയുള്ള ദുരിതയാത്രയ്ക്കു പരിഹാരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നിലവിലെ ഭരണസമിതി റോഡിന്റെ ആദ്യഭാഗത്ത് 30 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തു. കുറച്ചു മാറി 29 മീറ്റർ ദൂരം മുൻ ഭരണസമിതിയും കോൺക്രീറ്റ് ചെയ്തിരുന്നു.
പിന്നൊരു നവീകരണവും നടന്നിട്ടില്ല.
ശേഷിക്കുന്ന ഒരു കിലോമീറ്ററിലേറെ ദൂരം മണ്ണും കല്ലും നിറഞ്ഞുകിടക്കുന്നു. മഴ പെയ്താൽ ചെളിക്കുളമാകും.
നാട്ടുകാർ പിരിവെടുത്തു ക്വാറി വേസ്റ്റിട്ടു താൽക്കാലിക പരിഹാരം കാണും. ശക്തമായ മഴയിൽ അതും ഒഴുകിപ്പോകും.
ആവശ്യത്തിനു വിളിച്ചാൽ ഓട്ടോപോലും വരാൻ മടിക്കും. പ്രായമായവരും വിദ്യാർഥികൾ ഉൾപ്പടെയുള്ളവരും ഏറെ ബുദ്ധിമുട്ടിയാണു പ്രധാന റോഡിലേക്ക് എത്തുന്നത്.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളോടെല്ലാം റോഡിന്റെ കാര്യം പലവട്ടം പറഞ്ഞിട്ടും പരിഗണിച്ചില്ലെന്നു നാട്ടുകാർ പറയുന്നു.
തിരഞ്ഞെടുപ്പു വരുമ്പോൾ മോഹനവാഗ്ദാനം നൽകിയവർ പിന്നീട് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ഇത്തവണ മാറ്റം വേണമെന്ന നാട്ടുകാരുടെ ചിന്തയിൽ നിന്നാണു റോഡില്ലെങ്കിൽ വോട്ടില്ല എന്ന തിരുമാനത്തിലെത്തിയതെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞദിവസം വോട്ടഭ്യർഥനയുമായി സ്ഥാനാർഥികൾ കനാൽ റോഡ് വരെ എത്തിയിരുന്നുവെന്നും ബോർഡ് കണ്ടതോടെ മടങ്ങിയപ്പോയെന്നും നാട്ടുകാർ പറഞ്ഞു.
ആരു ഭരിച്ചാലും തങ്ങൾക്കു ഗതാഗത സൗകര്യമുള്ള റോഡ് വേണമെന്നും ഇവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

